കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയെ പിടികൂടാത്തതിൽ കൊച്ചുതോവാള പൗരസമിതി പ്രതിഷേധിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കൊച്ചുതോവാള എസ്.എൻ. ജംഗ്ഷനിൽ പ്രതിഷേധ സംഗമം ചേർന്നു. 8ന് പുലർച്ചെയാണ് കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ ചിന്നമ്മയുടെ ശരീരത്തുണ്ടായിരുന്ന 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ഭർത്താവ് ജോർജ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണം ആരംഭിച്ച് 13 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. കൊലയാളിയെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് പൗരസമിതി നേതാക്കൾ ആരോപിച്ചു.
ഇന്ന് രാവിലെ 11ന് പൗരസമിതി കട്ടപ്പന ഡിവൈ.എസ്.പിക്ക് മാസ് പെറ്റിഷൻ നൽകും. യോഗത്തിൽ വാർഡ് കൗൺസിലർ സിബി പാറപ്പായി, മാത്യു നെല്ലിപ്പുഴ, രതീഷ് വരകുമല, കെ.എൻ. വിനീഷ്‌കുമാർ, അനീഷ് കരിക്കാമറ്റത്തിൽ, സന്തോഷ് ചോറ്റാനിക്കര, മോഹൻദാസ് വേലംമാവുകുടിയിൽ എന്നിവർ പങ്കെടുത്തു.