കട്ടപ്പന: കട്ടപ്പന നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി ഉയർത്തി. നിലവിൽ 72 പേർക്ക് ചികിത്സ നൽകാനാകും. 20 കട്ടിലുകൾ കൂടി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലും സമീപത്തെ പഞ്ചായത്തുകളിലും രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. 2020 മാർച്ചിലാണ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ കീഴിലുള്ള മെന്റൽ ഹെൽത്ത് സെന്ററിൽ കോവിഡ് ചികിത്സാകേന്ദ്രം തുറന്നത്. 1657 പേർക്ക് ഇതിനോടകം ചികിത്സ നൽകി. നിലവിൽ രോഗലക്ഷണമുള്ളവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്റർ, ഐ.സി.യു ഒഴികെ ഇ.സി.ജി, രക്തപരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 2 ഡോക്ടർമാർ, 9 നഴ്‌സുമാർ, 3 ശുചീകരണ തൊഴിലാളികൾ എന്നിവരുടെ മുഴുവൻ സമയ സേവനം ഇവിടെ ലഭ്യമാണ്.