പാലാ: കൊവിഡിന്റെ രണ്ടാം വരവിൽ രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങളൊരുക്കാനുള്ള പരക്കം പാച്ചിലിലാണ് സർക്കാർ സംവിധാനങ്ങളും ആശുപത്രികളും. എന്നാൽ പാലാ ജനറൽ ആശുപത്രിയുടെ കാര്യത്തിൽ സ്ഥിതി മറിച്ചാമ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് അനിവാര്യമായ വെന്റിലേറ്ററും ഐ.സി.യൂണിറ്റും ലഭ്യമായിട്ടും പ്രവർത്തിപ്പിക്കാനാവാത്ത സഹാചര്യത്തിലാണ് പാലാ ജനറലാശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രം.പാലാ ജനറലാശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രം തുടങ്ങുമ്പോൾ തന്നെ വെന്റിലേറ്ററും ഐ.സി.യൂണിറ്റും എത്തിച്ചിരുന്നു. എന്നാൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാത്തതാണ് ഇപ്പോൾ വെല്ലുവിളിയായത്. വെന്റിലേറ്റർ ചികിത്സ ആവശ്യമുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്.രണ്ടാം വരവിൽ കൊവിഡ് വ്യാപനത്തിനുള്ള കൂടുതൽ സാദ്ധ്യത നിലനിൽക്കുമ്പോഴും ലഭ്യമായ വെന്റിലേറ്റർ സംവിധാനം പ്രവർത്തനക്ഷമമാക്കുവാൻ നടപടികളില്ല. ജോസ് കെ.മാണി എം.പിയുടെ ഫണ്ടിൽ നിന്നും അനിവദിച്ച 40ലക്ഷം രൂപ വിനിയോഗിച്ചാണ് വെന്റിലേറ്ററും ഐ.സി.യൂണിറ്റും സജ്ജമാക്കിയത്. വെന്റിലേറ്ററും ഐ.സി.യൂണിറ്റും പ്രവർത്തിപ്പിക്കണമെങ്കിൽ പ്രത്യേകം ഡോക്ടറും നേഴ്‌സും പാരാ മെഡിക്കൽ ജീവനക്കാരും അനിവാര്യമാണ്.
നിവേദനം നൽകി
വെന്റ്ിലേറ്റർ സജ്ജമാക്കുന്നതിനുള്ള അവസാന വട്ട പണികൾ ബാക്കിയുണ്ട്. ജീവനക്കാരെ നിയോഗിക്കാത്ത സാഹചര്യത്തിൽ അതും വൈകുകയാണ്. ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗം ജയ്‌സൺ മാന്തോട്ടം അധികൃതർക്ക് നിവേദനം നൽകി. അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ടതായി പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.