കോട്ടയം: പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി. നേരത്തെ മൊബൈൽ ഫോണിൽ സംഘടിപ്പിച്ച് വച്ച പീഡന ചിത്രങ്ങൾ നാടുമുഴുവൻ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ച് പകതീർത്ത 21കാരൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയിൽ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീർ (21) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നഗ്നചിത്രങ്ങൾ അടങ്ങിയ ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നു. ഇയാളുടെ സ്വഭാവം മനസിലായതോടെ പെൺകുട്ടി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതേത്തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്നാണ് പെൺകുട്ടിയുടെ ചിത്രവും പീഡന ചിത്രങ്ങളും ഇയാൾ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചത്.
ചിത്രങ്ങൾ കിട്ടിയ ഒരാൾ കോട്ടയം ഡിവൈ.എസ്.പി എം.അനിൽ കുമാറിനെ വിവരം അറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മാരായ ഉദയകുമാർ പി.ബി , പ്രസാദ് കെ.ആർ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺകുമാർ കെ.ആർ, സീനിയർ സി.പി.ഒ നിസാർ ,സി.പി.ഒ ബിജു ബാലൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.