കോട്ടയം: തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാതിരുന്ന ജില്ലയിലെ 2924 കുടുംബങ്ങൾ മുൻഗണനാപ്പട്ടികയിൽ നിന്ന് പുറത്തായി. മുൻഗണനാവിഭാഗക്കാരായ 2602 പേരും അന്ത്യോദയ (എ.എ.വൈ) 321 പേരുമടക്കമുള്ളവരെയാണ് പൊതുവിഭാഗത്തിലേക്ക് ഇതുവരെ മാറ്റിയത്. കഴിഞ്ഞമാസം നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. പട്ടികയിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെയും ഉടനെ പാെതുവിഭാഗങ്ങളിലേക്ക് മാറ്റും. സൗജന്യ റേഷൻ ഇവർക്ക് ഇനി ലഭിക്കില്ല. വ്യക്തമായ കാരണം കാണിച്ച് വീണ്ടും അപേക്ഷ നൽകിയാൽ ഇവരെ വീണ്ടും മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. യോഗ്യരായ നിരവധി പേർ മുൻഗണനാപട്ടികയിൽ ഉൾപ്പെടെ പുറത്തുനിൽക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്തതിനാൽ പൊതുവിഭാഗത്തിലേക്ക് മാറ്റമെന്ന് കാട്ടി സർക്കാർ ഉത്തരവിട്ടത്. തുടർന്നാണ് സർക്കാർ കണക്കെടുത്തത്. 52,239 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
സബ്സിഡി നിരക്കിൽ ഭക്ഷ്യാവസ്തുക്കൾ ആവശ്യമില്ലാത്തവരാണ് മൂന്നുമാസമായി റേഷൻ വാങ്ങാത്തതെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരത്തിൽ ഒഴിവാക്കുന്നവർക്ക് പകരം പൊതുവിഭാഗത്തിലുള്ളവരെ മുൻഗണനാപട്ടികയിലേക്ക് മാറ്റും. ഇ-പോസ് യന്ത്രങ്ങളിലൂടെ റേഷൻ വിതരണം നടക്കുന്നതിനാൽ റേഷൻ വാങ്ങാത്തവരെ വേഗത്തിൽ കണ്ടെത്താൻ കഴിയും.
ഇതനുസരിച്ച് ഓരോ ജില്ലയിലും വാങ്ങാത്തവരുടെ പട്ടിക ശേഖരിച്ചാണ് പുറത്താക്കൽ. ഇവർക്ക് പൊതുവിഭാഗത്തിൽ അനുവദിക്കുന്ന റേഷൻ വിഹിതം ലഭിക്കും. നേരത്തെ വസ്തുതകൾ മറച്ച് വച്ച് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവരിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ കമ്പോളവില ഈടാക്കിയിരുന്നു.