തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 126-ാംവടകര കരിപ്പാടം ശാഖാ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഗുരുമന്ദിരത്തിന്റേയും ശാരദാദേവി ക്ഷേത്രത്തിന്റേയും പ്രതിഷ്ഠ 23 മുതൽ 25 വരെ നടക്കും.
ശാഖാ വക സ്ഥലത്ത് 15 ലക്ഷം രൂപ മുടക്കിയാണ് ഗുരുമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
140 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ശാഖാ അംഗം അക്ഷയ്പ്രമോദ് പടിഞ്ഞാത്രയിൽ നിർമ്മിച്ച് സമർപ്പിച്ചിട്ടുള്ള ദേവിയുടെ ശിലാവിഗ്രഹമാണ് ശാരദാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്.
വൈക്കം സനീഷ് തന്ത്റികളുടെ മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ. വിഗ്രഹ ഘോഷയാത്ര 23 ന് വൈകിട്ട് 4ന് ശാഖാ ഓഫീസിൽ നിന്ന് പുറപ്പെട്ട് 6ന് ക്ഷേത്രത്തിൽ എത്തിക്കും. തുടർന്ന് വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകും. 24ന് ഉച്ചയ്ക്ക് ശേഷം 1.50 ന് ഇരു ക്ഷേത്രങ്ങളിലും താഴികക്കുട പ്രതിഷ്ഠ നടത്തും. 25ന് ഉച്ചകഴിഞ്ഞ് 1.50ന് വിഗ്രഹ പ്രതിഷ്ഠാകർമ്മം. തുടർന്ന് വൈകിട്ട് 4.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണവും സമ്മേളനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ആർ സുശീലൻ സ്വാഗതം പറയും.വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടർ ബോർഡ് അംഗം രാജേഷ് മോഹൻ, വൈക്കം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീജാ സാബു തുടങ്ങിയവർ പ്രസംഗിക്കും.ശാഖാ സെക്രട്ടറി ഏ.കെ.വിനീഷ് നന്ദി പറയും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.