വൈക്കം : വൈക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും കൊവിഡ് വ്യാപനമേറുന്നു.

വൈക്കം നിയോജകമണ്ഡലത്തിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത വെച്ചൂരിൽ ഇന്നലെ 18 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെച്ചൂർ മുച്ചൂർ കാവിൽ നാളെ കോളനി നിവാസികൾക്കായി കൊവിഡ് പരിശോധന നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ പറഞ്ഞു. തലയാഴത്ത് ഇന്നലെ 21 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 104 ആയി. ഉല്ലല പി.എസ്. ശ്രീനിവാസൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ സെമിസലറി കൊവിഡ് കെയർ സെന്റർ തുടങ്ങുന്നതിന് നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 25 രോഗികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. സെന്ററിനോടനുബന്ധിച്ച് കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യവുമൊരുക്കും. തോട്ടകം, മാരാംവീട്, പുന്നപ്പൊഴി, പുത്തൻപാലം കിഴക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് രോഗബാധിതരധികവും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഞായറാഴ്ച കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തും. ടി വി പുരത്ത് ഇന്നലെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ ആകെ എണ്ണം ഇതോടെ 75 ആയി. കൊവിഡ് വ്യാപനം ഏറുന്നത് മുൻനിർത്തി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം ചേരും.
ടി വി പുരത്ത് ഡൊമി സലറി കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അറിയിച്ചു. വൈക്കം നഗരസഭയിൽ ഇന്നലെ 39 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 163 ആയി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷിന്റെ അധ്യക്ഷതയിൽ നഗരസഭയിലെ വിവിധ കക്ഷി നേതാക്കളുടെ യോഗം ചേർന്നു.