പാലാ ജനറൽ ആശുപത്രി മോർച്ചറി നിറഞ്ഞു
പാലാ: നഗരസഭാ പൊതുശ്മശാനത്തിലെ സൗകര്യക്കുറവിനൊപ്പം കൊവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചതോടെ പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറി നിറഞ്ഞു. ആകെ 8 മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് ഇവിടെ സൗകര്യമുള്ളത്. നിലവിലെ സാഹചര്യം മുൻനിറുത്തി പാലാ പുത്തൻപള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ആത്മവിദ്യാലയം പൊതുശ്മാനത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞകുറച്ച് ആഴ്ചകളായി മോർച്ചറിയിൽ ഒഴിവില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിക്കുന്നവയിൽ ഏറെയും. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആരോഗ്യവകുപ്പ് അധികൃതർ തന്നെ പൊതുശ്മശാനത്തിലോ, പള്ളിവക സെമിത്തേരികളിലോ എത്തിച്ച് പ്രത്യേക മുൻകരുതലുകളോടെ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നഗരസഭാ പൊതുശ്മശാനത്തിൽ ഒരു ദിവസം രണ്ട് മൃതദേഹങ്ങൾ മാത്രം ദഹിപ്പിക്കാനുള്ള സംവിധാനമേ നിലവിലുള്ളു. ഇതുമൂലം മറ്റ് കാരണങ്ങളാൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കോട്ടയത്തേക്കോ, മറ്റ് സ്വകാര്യാശുപത്രികളിലെ മോർച്ചറികളിലേക്കോ മാറ്റേണ്ട ഗതികേടിലാണ് ബന്ധുക്കൾ.
പാവപ്പെട്ട രോഗികളാണ് പാലാ ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നവരിൽ ഏറെയും. മരണം സംഭവിച്ചാൽ മൃതദേഹം സൂക്ഷിക്കുന്നതിനായി ദൂരേക്ക് മാറ്റേണ്ടിവരുന്നത് വലിയ സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾക്കൊപ്പം മറ്റുള്ള മൃതശരീരങ്ങൾ സൂക്ഷിക്കുന്നത് ചിലരുടെ ബന്ധുക്കൾക്കും അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. പാലായിലെ പൊതുശ്മശാനം കാര്യക്ഷമമാക്കിയാൽ ദിവസേന 4 മൃതദേഹങ്ങൾ വരെ ദഹിപ്പിക്കാനാകും. ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കൊവിഡ് നിരക്ക് വർദ്ധിച്ചാൽ മരണനിരക്കും ഉയരാമെന്ന ആരോഗ്യവകുപ്പിന്റെ നിഗമനത്തിൽ മുൻകരുതൽ നടപടിയായി ശ്മശാനങ്ങൾ സജ്ജമാക്കാനും സർക്കാർ നിർദ്ദേശമുണ്ട്. 4 മൃതദേഹങ്ങൾ വരെ ദഹിപ്പിക്കാനായാൽ പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറി കൂടുതൽ കാര്യക്ഷമമാകും.
പരാതി നൽകി പരിഹാരമില്ല
പൊതുശ്മശാനത്തിൽ കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ കൗൺസിലർ വി.സി പ്രിൻസ് നാല് ദിവസം മുമ്പ് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ യാതൊരു പരിഹാരവും ഇതേവരെ ഉണ്ടായിട്ടില്ല.
വിഷയത്തിൽ അടിയന്തിരനടപടി ഉണ്ടായില്ലെങ്കിൽ പൊതുശ്മശാനത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്നും പ്രിൻസ് അറിയിച്ചു.