പാലാ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. നഗരസഭാ വസ്തുവിന്റെ സമീപവാസിയും കിഴതടിയൂർ സ്വദേശിയുമായ പ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് പാലാ നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഓഫീസർ പി.വി സലീം പാലാ പൊലീസിൽ പരാതി നൽകിയത്.
നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനി ലോയേഴ്‌സ് ചേംബർ നിർമ്മാണം നടന്നു വരുന്ന വസ്തു അളന്നു തിട്ടപ്പെടുത്താൻ ഭൂരേഖ തഹസീൽദാർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നഗരസഭ ഓവർസീയറായ മനീഷ പി ചക്രപാണിയെ നഗരസഭ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19 രാവിലെ 11ന് സ്ഥലത്തിന്റെ അതിരുകൾ പുനർനിർണയം ചെയ്യുമെന്ന് താലൂക്ക് സർവ്വേയരുടെ അറിയിപ്പ് ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതു പ്രകാരം മനീഷയും അസി.എൻജിനീയറായ സാം മാത്യു സാബുവും സ്ഥലത്തെത്തി സർവ്വേയർ അളന്നു തിരിച്ചു നൽകിയ സ്ഥലത്ത് കല്ലിടുന്നതിന് നടപടി സ്വീകരിച്ചപ്പോഴാണ് കൈയേറ്റശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
ഭീഷണി ഉള്ളതിനാൽ പൊലീസ് സംരക്ഷണവും നഗരസഭ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തു അതിര് തിരിക്കുന്നതിന് നഗരസഭാധികൃതർ പൊലീസ് സഹായവും തേടിയിട്ടുണ്ട്. പാലാ ആർ.ഡി.ഒയ്ക്കും പരാതി കൈമാറിയിട്ടുണ്ട്.