അടിമാലി: വന്യമൃഗങ്ങൾ കാടിറങ്ങി തുടങ്ങിയതോടെ മലയോര മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലും സ്വൈര്യവിഹാരം തുടങ്ങിയതോടെയാണ് കൃഷി ഉപേക്ഷിക്കാൻ മനസില്ലാമനസോടെ ഒരുങ്ങുന്നത്.
വൻ തോതിൽ മലഞ്ചരക്കും ഭക്ഷ്യവിളകളും ഉൽപാദിപ്പിച്ചിരുന്ന അടിമാലി, മാങ്കുളം, മറയൂർ, കാന്തലൂർ, വട്ടവട, സേനാപതി പഞ്ചായത്തുകളിലെ കർഷകരാണ് വന്യമൃഗങ്ങളെ തുരത്താൻ മാർഗമില്ലാതെ വലയുന്നത്. ചെറുകിട കർഷകരിൽ പലരും മുൻ വർഷങ്ങളിൽ തന്നെ കൃഷി ഉപേക്ഷിച്ചിരുന്നു. സാധാരണ വേനൽ മഴ വിഷുവിനോട് അനുബന്ധിച്ച് ലഭ്യമായാൽ കാർഷിക രംഗത്തെ നടീൽ ജോലിക്കുള്ള പണികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ ഇത്തവണ കാര്യമായ വേനൽമഴ ലഭിച്ചിട്ടും വന്യമൃഗങ്ങളെ പേടിച്ച് പുതിയതായി ഒരു കൃഷിയും ചെയ്യാൻ കർഷകർ തയാറാകുന്നില്ല.
മറയൂർ, മാങ്കുളം, പൂപ്പാറ തുടങ്ങിയ ടൗണുകളിൽ പോലും കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. മലയോര മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവക്ക് പുറമെ കാട്ടുപോത്തും മുള്ളൻ പന്നിയും കൃഷിയിടങ്ങളിൽ ഇറങ്ങി. ഇവയെ തുരത്താൻ പാട്ട കൊട്ടുന്നതും പടക്കം പൊട്ടിക്കുന്നതും തീയിടുന്നതുമൊക്കെ കർഷകന്റെ പൊടിക്കൈകൾ ആയിരുന്നെങ്കിൽ ഇപ്പോൾ ഇതെല്ലാം കാട്ടുമൃഗങ്ങൾ അതിജീവിച്ചകഴിഞ്ഞു. ഇവയുടെ ശല്യം രാത്രികാലങ്ങളിൽ മാത്രമാണെങ്കിൽ കുരങ്ങും മലയണ്ണാനും പട്ടാപ്പകൽ കർഷകരുടെ സ്വര്യം കെടുത്തുകയാണ്.
ഒരു തരത്തിലുള്ള ശബ്ദങ്ങളെയും പേടിയില്ലാത്ത ഇവയുടെ ശല്യം മൂലം ചക്കയും തേങ്ങയും മാങ്ങയും കപ്പയും ഉൾപ്പെടെ ഒരു വിളയും കർഷകർക്ക് ലഭിക്കുന്നില്ല. പൊന്നു വിളയിച്ച ഏക്കർ കണക്കിന് ഭൂമി പല സ്ഥലങ്ങളിലായി മലയോര മേഖലയിൽ തരിശു കിടക്കുകയാണ്.
കപ്പയും കാച്ചിലും വിവിധയിനം ചേമ്പുകളും ചേനയും ചെറുകിഴങ്ങും ഉൾപ്പെടെയുള്ള കിഴങ്ങു വർഗത്തിലുള്ള ഉത്പ്പന്നങ്ങളുടെ ലഭ്യത ജില്ലയിൽ വൻതോതിൽ കുറയുന്നതിന് ഇത് ഇടവരുത്തും. കൃഷിക്കായി മണ്ണൊന്ന് കിളച്ചാൽ തന്നെ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരുമെന്നതിനാൽ വാഴക്കൃഷിയും പച്ചക്കറി കൃഷിയും നിലച്ചു. വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വരെ മലയണ്ണാനും കുരങ്ങും കൃഷി നശിപ്പിക്കാനെത്തുന്നത് കർഷകർക്ക് തിരിച്ചടിയായി.