കോട്ടയം: കേരളകൗമുദി അടക്കമുള്ള ദിനപ്പത്രങ്ങളിൽ നിന്ന് സമാഹരിച്ച പൊതുവിജ്ഞാന വാർത്തകളിലെ 2021 ചോദ്യങ്ങളും ഉത്തരവും പുസ്തക രൂപത്തിലാക്കി ഒമ്പതാം ക്ളാസുകാരി ഫ്രാഗ്രൻസ് സാറാ സുനിൽ. 156 പേജുള്ള പുസ്തകത്തിന് അറിവിന്റെ മുത്തുകളെന്നാണ് പേരിട്ടിരിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് ദിനപ്പത്രങ്ങളിൽ നിന്ന് കേരളീയം, ദേശീയം, കായികം, ആന്തർദേശീയം സാഹിത്യം, മതപരം തുടങ്ങി വിവിധ മേഖലകളിലായി ചോദ്യങ്ങളും ഉത്തരങ്ങളും ക്രോഡീകരിച്ചത്. പൊതുവിജ്ഞാനമേറെയുള്ള പുസ്തകം ഉദ്യോഗാർത്ഥികൾക്കും പ്രയോജനപ്പെടുത്താം.

ഓരോ ആഴ്ചയിലും പത്രങ്ങളിൽ നിന്ന് പത്ത് ചോദ്യങ്ങൾ മക്കളോട് ചോദിക്കുകയും ഉത്തരങ്ങൾക്ക് അനുസൃതമായി ഒരുതുക പോക്കറ്റ് മണിയായി നൽകുന്ന പിതാവ് സുനിലിന്റെ ശീലമാണ് ഫ്രാഗ്രൻസിനെ പുസ്തകരചനയിലെത്തിച്ചത്. അതിരമ്പുഴ സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിയാണ്. ഐ.പി.സി കുറവിലങ്ങാട് സെന്റർ പാസ്റ്ററാണ് പിതാവ് സുനിൽ വെട്ടമല. സിസ്റ്റർ ഒമേഗാ സുനിലാണ് മാതാവ്. ആഗ്നസ്, ഓൾബ്രൈ എന്നിവരാണ് സഹോദരങ്ങൾ