കോട്ടയം: സൂചനകൾവച്ച് ചിത്രങ്ങൾ വരച്ച് അജ്ഞാത പ്രതികളെ കുടുക്കുന്ന പൊലീസിലെ രേഖാചിത്രകാരനും എ.എസ്. ഐയുമായ രാജേഷ് മണിമലയുടെ ചലഞ്ചുകൾ വഴി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ രൂപ.
മണിമല പുത്തൻവീട്ടിൽ പി.പി. രാജേഷിന്റെ ഫെയ്സ് ബുക്കിലൂടെയുള്ള ആദ്യ ചലഞ്ച് കഴിഞ്ഞ പ്രളയകാലത്തായിരുന്നു. ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ഞൂറു രൂപയെങ്കിലും സംഭാവന ചെയ്തവരുടെ ചിത്രം വരച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. അന്ന് ഒഴുകിയെത്തിയത് 1.48 ലക്ഷം രൂപ! കഴിഞ്ഞ കൊവിഡ് കാലത്ത് മറ്റൊരു ചലഞ്ചുമായത്തി. ആയിരം രൂപയെങ്കിലും സംഭാവന നൽകിയതിന്റെ രസീത് നൽകിയാൽ രാജേഷ് വരച്ച പെയിന്റിംഗ് സമ്മാനം. അന്ന് അമ്പതിനായിരത്തോളം രൂപയാണ് ലഭിച്ചത്.
ഇപ്പോഴത്തെ കൊവിഡ് വാക്സിൻ ചലഞ്ചിലും സ്വന്തം വാഗ്ദാനവുമായി എത്തി. രണ്ട് ഡോസിന്റെ വിലയായ 800രൂപ സംഭാവന നൽകിയതിന്റെ രസീത് ഫെയ്സ് ബുക്കിലിട്ടാൽ അവരുടെ മുഖചിത്രം വരച്ചു നൽകും. ഇതുവരെ 18,000 രൂപ ദുരിതാശ്വാസ നിധിയിലെത്തിയിട്ടുണ്ട്. സംഭാവന നൽകുന്നവരുടെ എണ്ണം കൂടുംതോറും രാജേഷിന്റെ ചെലവും കൂടും. കാരണം, ഓരോരുത്തരുടെയും ചിത്രം വരയ്ക്കാനുള്ള ചായക്കൂട്ടും പേപ്പറും വാങ്ങാനുള്ള പണം സ്വന്തം കീശയിൽ നിന്നാണ്.
വരയുടെ വഴിയെ
മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ളോമ നേടിയ ശേഷമാണ് പൊലീസുകാരനായത്. ഇപ്പോൾ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എ.എസ്.ഐ. രാജേഷ് വരച്ച രേഖാചിത്രങ്ങളിലൂടെ നിരവധി കേസുകൾക്കാണ് തുമ്പുണ്ടായത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം ടെക്നോ സിറ്റിക്ക് സമീപം വച്ച് കാർ തടഞ്ഞ് ജുവലറിയിലേക്ക് കൊണ്ടുപോയ നൂറിലേറെ പവൻ സ്വർണം കൊള്ളയടിച്ച പ്രതികളെ തിരിച്ചറിയാനും രാജഷ് വരച്ച രേഖാചിത്രങ്ങൾ തുണയായി. പൊലീസിൽ രേഖാ ചിത്രകാരൻ എന്നൊരു പോസ്റ്റില്ലെങ്കിലും ഡി.ജി.പിയുടെ പ്രത്യേക ഉത്തരവോടെയാണ് രേഖാചിത്രങ്ങൾ വരയ്ക്കുന്നത്. അവധി ദിവസം സൗജന്യമായി ചിത്രരചനയും പഠിപ്പിക്കുന്നുണ്ട്. സേവന പ്രവർത്തനങ്ങൾക്ക് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മക്കളായ അവിനാശും വിഘ്‌നേശും ചിത്രകാരൻമാരാണ്.
'' ചിത്രകല ജീവനായതിനാലാണ് സമൂഹ നൻമയ്ക്കായി പ്രയോജനപ്പെടുത്തുന്നത്. സംഗീതസദസുകളിൽ കീർത്തനത്തിന് അനുസരിച്ച് ചിത്രംവരയ്ക്കുകയാണ് പ്രധാന ഹോബി''
-രാജേഷ് മണിമല