hotel

കോട്ടയം: ' കൊവിഡ് പരത്തിയത് വ്യാപാരികളല്ല. പക്ഷേ ദുരിതമനുഭവിക്കുന്നത് ഞങ്ങൾ മാത്രമാണ്.' നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഹോട്ടൽ ഉടമകളുടെ പരിദേവനമാണിത്. ഹോട്ടൽ നടത്തിപ്പ് നഷ്ടക്കച്ചവടമായെന്നാണ് വ്യാപാരികൾ പറയുന്നത്.

രാത്രി ഒമ്പതു വരെ പാഴ്സൽ സർവീസിന് അനുമതിയുണ്ടെങ്കിലും കട അടയ്ക്കുന്നില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന ഭീഷണിയുമായി പൊലീസ് ഏഴുമണിയോടെ ഇറങ്ങും. പാഴ്സലിന് അനുവാദമുണ്ടെന്നു പറഞ്ഞാൽ പൊലീസ് മെക്കിട്ടു കേറും. കൊവിഡ് നിയന്ത്രണം അവസാനിക്കുംവരെ എങ്ങനെ കട നടത്തിക്കൊണ്ടുപോകുമെന്നാണ് ചെറുകിട ഹോട്ടൽ വ്യാപാരികളുടെ ചോദ്യം.

മുതലാകാത്തതിനാൽ ഊണ് നിറുത്തി. പൊറോട്ടയും ദോശയുമാണ് പ്രധാന കച്ചവടം . സന്ധ്യയോടെ കൊഴുത്തിരുന്ന കച്ചവടം കൊവിഡ് കൊണ്ടു പോയി. കൂലി കൊടുക്കുന്നതിന് ഇപ്പോഴത്തെ കച്ചവടം കൊണ്ട് തികയില്ല. കട അടച്ചിടുന്നതാണ് ലാഭം. പോയാൽ പിന്നെ തൊഴിലാളിയെ വീണ്ടും കിട്ടില്ലെന്നതിനാൽ കട അടച്ചിടാനും കഴിയുന്നില്ല. നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് മിക്കവരും .

തട്ടുകടയാണെങ്കിൽ ആറു മണിക്ക് തുടങ്ങാനേ അനുമതിയുള്ളൂ. ആദ്യം പൊറോട്ടയ്ക്കുള്ള മാവ് തയ്യാറാക്കി വയ്ക്കണം. അതു മയമായി പൊറോട്ട അടിച്ചു തുടങ്ങും മുമ്പേ മുമ്പേ കട അടയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എത്തും . പിന്നെങ്ങനെ കച്ചവടം നടക്കുമെന്നാണ് അവരുടെ ചോദ്യം. പത്തുകിലോ മാവ് പൊറോട്ടയ്ക്ക് കുഴച്ചു വെച്ച ശേഷമാണ് മുന്നറിയിപ്പില്ലാതെ കട അടയ്ക്കണമെന്ന പൊലീസ് അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുഴുവൻ മാവും ഉപയോഗശൂന്യമായി. തട്ടുകട ഇങ്ങനെ എത്ര ദിവസം നടത്തിക്കൊണ്ടു പോകുമെന്നറിയില്ലെന്നാണ് കടക്കാർ പറയുന്നത്.

പതിനായിരംരൂപയ്ക്കു മുകളിൽ കച്ചവടം നടന്നാലേ തൊഴിലാളികൾക്കുള്ള കൂലിയും മറ്റു ചെലവുകളും കഴിഞ്ഞ് കട നടത്തിക്കൊണ്ടു പോകാൻ കഴിയൂ. 5000-6000 രൂപയാണ് ഇപ്പോഴത്തെ വരുമാനം. നഷ്ടം സഹിച്ച് എത്ര ദിവസം കട തുറന്നുവയ്ക്കാൻ കഴിയും

- സുഭാഷ് ഹോട്ടൽ വ്യാപാരി

കടകൾ പകുതി സമയം തുറന്നാലും ലൈസൻസ് ഫീസ്, തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവയിലൊന്നും സർക്കാർ കുറവ് വരുത്തില്ല . കൊവിഡ് പരത്തിയത് വ്യാപാരികളല്ല. പക്ഷേ ദുരിതമനുഭവിക്കുന്നത് ഞങ്ങൾ മാത്രമാണ്. എന്ത് ഉത്തരവ് ഇറങ്ങുന്നതിനു മുമ്പും അത് അനുഭവിക്കുന്ന ആളുകളോട് ചർച്ച ചെയ്യണം.

- മനാഫ്, സംസ്ഥാന ജനറൽ സെക്രട്ടറി

വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് .