കട്ടപ്പന: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സ്പൈസസ് ബോർഡിന്റെ ഇ ലേലം തമിഴ്നാട്ടിലേക്ക് പൂർണമായി മാറ്റാൻ നീക്കം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലേലം തമിഴ്നാട്ടിൽ മാത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ െ്രസ്രനി പോത്തൻ സ്പൈസസ് ബോർഡ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇതിനു പിന്നിൽ ചില ലേല കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണ്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പേരിൽ ഏലയ്ക്ക വില ഇടിക്കുന്നതായും ഇതിനെതിരെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും സ്പൈസസ് ബോർഡ് സെക്രട്ടറിക്കും പരാതി നൽകുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ ആരോപിച്ചു. സ്പൈസസ് ബോർഡ് ലേലത്തിന്റെ മാതൃകയിൽ ചില ഓൺലൈൻ ലേലങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഇതിന് ബോർഡിന്റെ അംഗീകാരമില്ല. കൂടാതെ കർഷകരുടെ പണം ഉറപ്പാക്കാൻ മറ്റ് നിക്ഷേപങ്ങളോ ഇല്ല. കർഷകരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ഓൺലൈൻ ലേലത്തിന് പിന്നിൽ ചില സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും അംഗങ്ങളുമാണെന്നും ഷാജി ആരോപിച്ചു.