പാലാ : ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ 105 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു. ഇതിനിടെ ഓക്‌സിജൻക്ഷാമവും രൂക്ഷമായി. സെൻട്രലൈസ്ഡ് ഓക്‌സിജൻ പൈപ്പ് ലൈനുള്ള ഇവിടെ 80 ഓക്‌സിജൻ കിടക്കകളാണുള്ളത്. അഞ്ച് എച്ച്.എഫ്.എൻ.സി യൂണിറ്റുകളും ഉണ്ട്. കൂടുതൽ രോഗികൾക്കും ഓക്‌സിജൻ ആവശ്യമായി വന്നതിനെ തുടർന്നാണ് ക്ഷാമം നേരിട്ടത്. മറ്റ് ചികിത്സാ വിഭാഗത്തിലുള്ള രോഗികൾക്കും ഓക്‌സിജൻ ആവശ്യമായതിനാൽ ശാശ്വത പരിഹാരമായി ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും ഐ.സി.യു യൂണിറ്റിനും ജീവനക്കാരെ ലഭിക്കണം.
ആശുപത്രി അധികൃതരും, നഗരസഭാ ചെയർമാൻ ആന്റോ ജോസും ഇതിനായി ജില്ലാ കളക്ടർ,ആരോഗ്യവകുപ്പ് ഉന്നതാധികാരികൾ എന്നിവരെ സമീപിച്ചു.

സ്വകാര്യ ആശുപത്രികൾ ഓക്‌സിജൻ നൽകി
ജനറൽ ആശുപത്രി വാർഡിലെ കൂടുതൽ രോഗികൾക്ക് തുടർച്ചയായി ഓക്‌സിജൻ ആവശ്യമായി വന്നതിനെ തുടർന്ന് കടുത്ത ഓക്‌സിജൻക്ഷാമമാണ് പാലാ ആശുപത്രി അധികൃതർ നേരിട്ടത്. അർദ്ധരാത്രിയിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ പാലാ മേഖലയിലെ സ്വകാര്യ ആശുപത്രി അധികൃതർ സഹായവുമായി എത്തി ആവശ്യമായ സിലിണ്ടറുകൾ നൽകി സഹായിച്ചു. മൂന്ന് മണിക്കൂറിന് 10 സിലിണ്ടറുകളാണ് വേണ്ടത്. ഇന്നലെ തൃശൂരിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ നിറച്ച് എത്തിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതർക്ക് ആശങ്കയുണ്ട്.


ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിക്കാാൻ നടപടി സ്വീകരിക്കണം. എം.പി ഫണ്ട് അനുവദിച്ച് പാലാ ജനറൽ ആശുപത്രിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള വെന്റിലേറ്ററുകളോട് കൂടിയ ഐ.സി.യു യൂണിറ്റുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാരെ നിയമിക്കണം. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാൻ നടപടി സ്വീകരിക്കണം
ജോസ് കെ മാണി