ആർപ്പൂക്കര : പഞ്ചായത്തിൽ കൊവിഡ് അധിക നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് തല യോഗം കൂടി പ്രവർത്തനം വിലയിരുത്തി. ഇന്നലെ ഇന്നലെ മൈക്ക് അന്നൗസ്‌മെന്റ് നടത്തി. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ബോധവത്കരണ പോസ്റ്റർ പതിപ്പിച്ചു. കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ വ്യാപനം കുറയ്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും, മെഡിക്കൽ കോളേജ് ഭാഗത്തെ തട്ടുകടകളിൽ പാഴ്സൽ മാത്രം നൽകുന്നെന്ന് ഉറപ്പ് വരുത്തും. പഞ്ചായത്ത്, ആരോഗ്യം, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. കൊവിഡ് ലക്ഷണമുള്ളവർ ഉടൻ പരിശോധന നടത്തുകയും സ്വയംനിരീക്ഷണത്തിൽ പോകുകയും വേണം. കൂടാതെ ജനങ്ങളുമായി സമ്പർക്കം കൂടുതലുള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ, വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എസി കണിചേരി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ സുനിത ബിനു, മെമ്പർമാരായ ജെസ്റ്റിൻ ജോസഫ്, എ.കെ.ഹരികുട്ടൻ, റോയ് പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, ജനമൈത്രി പൊലീസ് ഓഫീസർ ശ്രീജിത്ത്, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.