കട്ടപ്പന: നഗരസഭാപരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഇന്നും നാളെയും അവശ്യസാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ മാത്രം തുറന്നു പ്രവർത്തിക്കും. രോഗികളുടെ കുടുംബാംഗങ്ങൾക്ക് പരിശോധന നടത്താൻ ഷീൽഡ് ടാക്‌സി നഗരസഭയിൽ നിന്ന് സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൗണിലെ വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കായി മൊബൈൽ വാക്‌സിനേഷൻ, കൊവിഡ് പരിശോധന ക്യാമ്പുകൾ എന്നിവ നടത്തും. കൊവിഡ് സ്ഥിരീകരിക്കുന്ന വ്യാപാരികളുടെ കടകൾ രണ്ട് ദിവസം അടച്ചിട്ട് ശുചീകരിച്ച ശേഷം തുറക്കണം. ടൗണിൽ കൂടുതൽ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾക്കായി ഡി.എം.ഒയോട് ആവശ്യപ്പെടും. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ ഡോസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാദ്ധ്യക്ഷ ബീന ജോബി അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജാൻസി ബോബി, ഏലിയാമ്മ കുര്യാക്കോസ്, സിബി പാറപ്പായിൽ, മായ ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആർ. സജി, മനോജ് എം. തോമസ്, രാജൻകുട്ടി മുതുകുളം, റോബിൻ വട്ടക്കാനം, ജിൻസ് ജോൺ, രതീഷ് വരകുമല, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, മാർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് എന്നിവർ പങ്കെടുത്തു.