containment

കോട്ടയം: ജില്ലയിൽ കൊവിഡ് രോഗികളെ പരിചരിക്കുന്നതിന് കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ എം. അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും (സി.എഫ്.എൽ.ടി.സി) പഞ്ചായത്തു തലത്തിൽ ഡൊമിസിലിയറി കെയർ സെന്ററുകളും സജ്ജമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

നിലവിൽ ജില്ലയിൽ 21 ഡൊമിസിലിയറി കെയർ സെന്ററുകളാണുള്ളത്. ഇവ ഇല്ലാത്ത പഞ്ചായത്തുകളിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. നിലവിലുള്ള ഡൊമിസിലിയറി സെന്ററുകളിൽ ആകെ 1206 കിടക്കകളുള്ളതിൽ 239 എണ്ണത്തിൽ രോഗികളുണ്ട്. ഒൻപതു സി.എഫ്.എൽ.ടി.സികളിൽ 970 കിടക്കകളും 596 രോഗികളുമുണ്ട്.

രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളിൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിന് സൗകര്യമില്ലാത്തവർക്കാണ് ഡൊമിസിലിയറി കെയർ സെന്ററുകളിൽ പ്രവേശനം നൽകുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഉറപ്പാക്കുന്നത് അതത് പഞ്ചായത്തുകളാണ്.

രോഗ ലക്ഷണങ്ങളുള്ളവർക്കാണ് സി.എഫ്.എൽ.ടി.സികളിൽ പ്രവേശനം നൽകുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ ഡോക്ടറുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭിക്കും. സാരമായ രോഗലക്ഷണങ്ങളോ മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള കൊവിഡ് രോഗികൾക്ക് പരിചരണം ലഭ്യമാക്കുന്നതിനായി ആറ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളും (സി.എസ്.എൽ.ടി.സി) ജില്ലയിലുണ്ട്. കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള സി.എസ്.എൽ.ടി.സികൾ പാലാ, ചങ്ങനാശേരി, ഉഴവൂർ, മുണ്ടക്കയം, പാമ്പാടി, വൈക്കം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് പ്രവർത്തിക്കുന്നത്. ആറു സി.എസ്.എൽ.ടി.സികളിലുമായി 535 കിടക്കളാണുള്ളത്. നിലവിൽ 382 എണ്ണത്തിൽ രോഗികളുണ്ട്.

കൊവിഡ് ബാധിച്ച് ഗുരുതര നിലയിലാകുന്നവരെ ചികിത്സിക്കുന്നതിന് കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ക്രമീകരണം . രണ്ടിടത്തുമായുള്ള 439 കിടക്കകളിൽ 235 എണ്ണത്തിൽ രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 300 കിടക്കകളും 272 രോഗികളുമാണുള്ളത്.

ചികിത്സാ കേന്ദ്രങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ എന്നിവരെ ചുമതലപ്പെടുത്തി. ജില്ലയിൽ പാലാ, ഉഴവൂർ എന്നിവിടങ്ങളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, എ.ഡി.എം ആശ സി.ഏബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 ഡൊമിസിലിയറി സെന്ററുകൾ: 21

കിടക്കകൾ: 1206

സി.എഫ്.എൽ.ടി.സികൾ: 9

കിടക്കകൾ: 970

 സി.എസ്.എൽ.ടി.സികൾ: 6

കിടക്കകൾ: 535

 കൊവിഡ് ആശുപത്രികൾ

കോട്ടയം മെഡിക്കൽ കോളേജ് ,

കോട്ടയം ജനറൽ ആശുപത്രി

രണ്ടിടത്തുമായി കിടക്കകൾ : 439

സ്വകാര്യ ആശുപത്രികളിൽ

കിടക്കകൾ 300

കണ്ടെയ്ൻമെന്റ് സോണുകളിൽ

ബാരിക്കേഡുകൾ

കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട മേഖലകൾ കൃത്യമായി കണ്ടെത്തി നൽകുന്നതിന് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുവേണ്ട പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കണം.

കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സിവിൽ ഡിഫൻസിന്റെയും ആപ്തമിത്ര വോളണ്ടിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും. പൊലീസിനാണ് ഏകോപനച്ചുമതല.

അവശ്യ മരുന്നുകൾക്ക് ദൗർലഭ്യം വരാതിരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. മെഡിക്കൽ സ്റ്റോറുകളിലും മറ്റും പരിശോധന നടത്തുന്നതിന് ഡ്രഗ്‌സ് കൺട്രോളർക്ക് ചുമതല നൽകി.

റേഷൻ കടകളുടെ പ്രവർത്തനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഭക്ഷ്യവിതരണത്തിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുന്നതിന് സപ്ലൈകോ, കൺസ്യൂമർ ഫെഡ് എന്നിവയുമായി ചർച്ച നടത്താനും യോഗം തീരുമാനിച്ചു.