വൈക്കം: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. നഗരസഭ ശ്മശാനത്തിൽ മൃതദേഹം പാതി സംസ്‌കരിച്ച നിലയിൽ തുടരുന്നു.
ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളാണ് നഗരസഭയുടെ വൈദ്യുത ശ്മശാനമായ ശാന്തിവനത്തിൽ എത്തിച്ചത്. വൈക്കം സ്വദേശിയായ പുരുഷന്റെ മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. തുടർന്ന് 4.30 ഓടെയാണ് തലയാഴം സ്വദേശിനിയായ 62 കാരിയുടെ മൃതദേഹം സംസ്‌കരിക്കാനായി വച്ചത്. സംസ്‌കാരം പൂർത്തിയാകുന്നതിന് മുൻപ് വൈദ്യുതി നിലച്ചു. ജനറേറ്റർ പ്രവർത്തന രഹിതമായിരുന്നു. കെ.എസ്. ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും ശ്മശാനം പ്രവർത്തിപ്പിക്കാനായില്ല. ഫർണസിന്റെ മോട്ടോർ തകരാറിലായിരുന്നു.
തുടർന്ന് മൃതദേഹം പാതി കത്തിയനിലയിൽ ഉപേക്ഷിച്ച് ജീവനക്കാർ ശ്മശാനം പൂട്ടി പോകാൻ തയ്യാറായി.
ഇത് സംഘർഷാവസ്ഥക്കിടയാക്കി. മൃതദേഹവുമായെത്തിയവർ നഗരസഭ ജീവനക്കാരെ തടഞ്ഞുവച്ചു.
മൃതദേഹം ശ്മശാനത്തിൽ പാതി കത്തിയ നിലയിൽ തുടരുകയാണ്.
മൂന്നാമത് സംസ്‌കരിക്കേണ്ടിയിരുന്ന വൈക്കം സ്വദേശിയായ പുരുഷന്റെ മൃതദേഹം ബന്ധുക്കൾ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി.
'വൈദ്യുതി തകരാർ ഉണ്ടായ ഉടനെ പുറത്തു നിന്ന് ജനറേറ്റർ എത്തിച്ചിരുന്നു.
അമിതമായ വോൾട്ടേജിലുള്ള വൈദ്യുതി പ്രവാഹം മൂലം ഇലക്ട്രിക് ഫർണസിന്റെ മോട്ടോർ കത്തിപ്പോവുകയായിരുന്നു. സാങ്കേതിക വിദഗ്ദ്ധരെ ഉടൻ എത്തിച്ചുവെങ്കിലും നന്നാക്കാൻ കഴിഞ്ഞില്ല. ഇന്ന് ഗ്യാസ് ഉപയോഗിച്ച് സംസ്‌കാരം പൂർത്തിയാക്കും."
- പി.ടി.സുഭാഷ്
(നഗരസഭ വൈസ് ചെയർമാൻ)