തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം വടകര കരിപ്പാടം ശാഖ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഗുരുമന്ദിരത്തിന്റേയും ശാരദാദേവി ക്ഷേത്രത്തിന്റേയും പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന വിഗ്രഹ രഥഘോഷയാത്ര ഭക്തിനിർഭരമായി. വൈകിട്ട് 4.30ന് ശാഖാ മന്ദിരത്തിന്റെ മുന്നിൽ നിന്ന് അലങ്കരിച്ച രഥത്തിൽ പ്രയാണമാരംഭിച്ച വിഗ്രഹഘോഷയാത്ര സമീപ സ്ഥലങ്ങൾ ചുറ്റി ക്ഷേത്രാങ്കണത്തിലെത്തി.പ്രധാന കേന്ദ്രങ്ങളിൽ കാത്തുനിന്ന ഭക്തർ കാണിക്ക അർപ്പിച്ചു. ശാഖയുടെ വക സ്ഥലത്ത് 15 ലക്ഷം രൂപ മുടക്കിയാണ് ഗുരുമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 140 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതി ഷ്ഠിക്കുന്നത്.ശാരദാദേവി ക്ഷേത്രത്തിൽ ശാഖാഅംഗം അക്ഷയ്പ്രമോദ് പടിഞ്ഞാത്രയിൽ സമർപ്പിച്ചിട്ടുള്ള ദേവിയുടെ ശിലാവിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. വൈക്കം സനീഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ. ഇന്ന് ഉച്ചയ്ക്ക് 1.50ന് ശേഷം ഇരു ക്ഷേത്രങ്ങളിലും താഴികക്കുട പ്രതിഷ്ഠ. നാളെ ഉച്ച കഴിഞ്ഞ് 1.50 ന് ശേഷം രണ്ട് വിഗ്രഹങ്ങളും ആചാരവിധിപ്രകാരം പ്രതിഷ്ഠിക്കും. തുടർന്ന് വൈകിട്ട് 4.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണവും സമ്മേളനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.