കട്ടപ്പന: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഇ- ലേലം തമിഴ്‌നാട്ടിലേക്ക് പൂര്‍ണമായി മാറ്റാന്‍ നീക്കം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേലം തമിഴ്‌നാട്ടില്‍ മാത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഇതിനു പിന്നില്‍ ചില ലേല കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പേരില്‍ ഏലയ്ക്ക വില ഇടിക്കുന്നതായും ഇതിനെതിരെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍ ആരോപിച്ചു. സ്‌പൈസസ് ബോര്‍ഡ് ലേലത്തിന്റെ മാതൃകയില്‍ ചില ഓണ്‍ലൈന്‍ ലേലങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിന് ബോര്‍ഡിന്റെ അംഗീകാരമില്ല. കൂടാതെ കര്‍ഷകരുടെ പണം ഉറപ്പാക്കാന്‍ മറ്റ് നിക്ഷേപങ്ങളോ ഇല്ല. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ലേലത്തിന് പിന്നില്‍ ചില സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരും അംഗങ്ങളുമാണെന്നും ഷാജി ആരോപിച്ചു.