bus

കോട്ടയം : അപ്രതീക്ഷിതമായി വീണ്ടും കൊവിഡ് ദുരിതം വിതയ്ക്കുമ്പോൾ ജോലിയിൽ എന്ന് തിരികെ കയറുമെന്ന് ഉറപ്പില്ലാതെ ഉഴലുകയാണ് സ്കൂൾ ബസ് ഡ്രൈവർമാരും ആയമാരും. ഭൂരിഭാഗം പേരും മറ്റ് തൊഴിൽ സ്വീകരിച്ചെങ്കിലും ഈ അദ്ധ്യയന വർഷത്തോടെ തിരിച്ചുവരവ് കാത്തിരുന്നവർക്കാണ് കൊവിഡ് വീണ്ടും പണികൊടുക്കുന്നത്. പലരും ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തും കുടുംബം പോറ്റുകയാണ്. മുൻപ് സ്ഥിരമായി ഒരു തുക കൈയിൽ കിട്ടുമെന്നതായിരുന്നു പ്രത്യേകത. കഴിഞ്ഞ തവണ സ്കൂൾ തുറന്നില്ലെങ്കിലും കുറച്ചു മാസം വരെ മാനേജ്മെന്റുകൾ ശമ്പളം നൽകിയിരുന്നു. പിന്നീടത് വെട്ടിക്കുറച്ചു. ഓട്ടമില്ലാത്തതിനാൽ ശമ്പളം തന്നേ മതിയാവൂയെന്ന് ജീവനക്കാർക്കും പറയാൻ കഴിയില്ല.

ഓടിയിട്ട് ഒരു വർഷം !

കഴിഞ്ഞ വർഷം മാർച്ചിൽ സ്കൂൾ അടച്ചതിൽ പിന്നെ വാഹനം അനക്കേണ്ടി വന്നിട്ടില്ല. പ്രായമായവരാണ് ഏറെയും സ്കൂൾ ബസ് ഡ്രൈവർമാർ. വീട്ടമ്മമാർ ആയമാരും. ജില്ലയിൽ സർക്കാർ,എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ സ്‌കൂളുകളിലായി നൂറുകണക്കിന് ഡ്രൈവർമാരാണുള്ളത്. ക്ലാസുകൾ ഓൺലൈനായ നാൾ മുതൽ ആയമാരും പ്രതിസന്ധിയിലാണ്. ഉത്സവ ആനുകൂല്യം ഉൾപ്പെടെ ശമ്പളം മുടങ്ങാതെ നൽകിയ വിദ്യാലയങ്ങളുണ്ട് ജില്ലയിൽ. ആയമാരിൽ പലരും വീട്ടുജോലിക്ക് പോവുകയാണ്.

സ്വന്തംവണ്ടിക്കാരും പെട്ടു
ട്രാവർപോലെ വലിയ വാഹനം വാങ്ങി സ്കൂൾ ഓട്ടം പിടിച്ചിരുന്നവരും ഒരു വർഷത്തോളമായി വിഷമത്തിലാണ്. വാഹനത്തിന്റെ ലോൺ, അറ്റകുറ്റപ്പണി എന്നിവയെല്ലാം മുടങ്ങി. കൊവിഡ് കുറ‌ഞ്ഞ് സ്കൂൾ തുറക്കുമ്പോൾ വീണ്ടും ഓട്ടം പോകാമെന്ന ഇവരുടെ പ്രതീക്ഷയാണ് പൊലിഞ്ഞത്.

ജൂണിൽ സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കൊവിഡ് കൂടിയതോടെ ആ പ്രതീക്ഷയും പോയി

ജോമോൻ, ഡ്രൈവർ