road

കട്ടപ്പന: നഗരത്തിലെ അപ്രോച്ച് റോഡുകൾ തകർന്നതോടെ ഗതാഗതം ദുഷ്‌കരമായി.എക്കാലവും നല്ല റോഡുകളുള്ള നഗരമെന്ന പെരുമയുള്ള കട്ടപ്പന നഗരത്തിലെ അപ്രോച്ച് റോഡുകളുടെ വാഹന യാത്രികർ കൂടുതലായി ഉപയോഗിക്കുന്ന ഇടവഴികൾ ഭൂരിഭാഗവും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും നഗരസഭ ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടി വൈകുന്നു. നഗരത്തിൽ തിരക്കേറുന്ന സമയങ്ങളിൽ ആളുകൾ കൂടുതലായി ആശ്രയിക്കുന്ന റോഡുകളാണ് സഞ്ചാരയോഗ്യമല്ലാത്തത്. ഇടശേരി ജംഗ്ഷൻപുതിയ ബസ് സ്റ്റാൻഡ് റോഡിലെ വൻ ഗർത്തങ്ങൾ വാഹനങ്ങൾക്ക് കെണിയാണ്. പുളിയൻമല ഭാഗത്തുനിന്നുള്ള ബസുകളടക്കം ഇതുവഴിയാണ് സ്റ്റാൻഡിലെത്തുന്നത്. കൂടാതെ കുന്തളംപാറ റോഡിൽ നിന്നുള്ള അപ്രോച്ച് റോഡും ഇവിടേയ്ക്കാണ് എത്തിച്ചേരുന്നത്. കുഴികളിൽ പതിച്ച് വാഹനങ്ങൾ കേടുപാട് സംഭവിക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
കുന്തളംപാറ റോഡിൽ ട്രഷറിക്കു സമീപവും നഗരസഭ കാര്യാലയത്തിന്റെ മുൻവശത്തും വൻ ഗർത്തങ്ങളാണ്. കഴിഞ്ഞദിവസങ്ങളിൽ മഴ പെയ്തപ്പോൾ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ഇടുക്കിക്കവലപള്ളിക്കവല ബൈപാസ് റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നുകിടക്കുകയാണ്. മുമ്പ് റോഡ് ടാറിംഗ് കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തകർന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് വീണ്ടും അറ്റകുറ്റപ്പണി നടത്തി. എന്നാൽ മാസങ്ങൾക്കുള്ളിൽ പഴയപടിയായി. ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങളുള്ള ഭാഗങ്ങൾ സഞ്ചാരയോഗ്യമല്ല.

നേരത്തെ റോഡിൽ വൺവേ ഏർപ്പെടുത്തിയിരുന്നെങ്കിലും ലോക്ക് ഡൗണിന് ശേഷം രണ്ട് ഭാഗത്തേയ്ക്കും വാഹനങ്ങൾ പോകുന്നുണ്ട്. പള്ളിക്കവലസ്‌കൂൾക്കവല റോഡിന്റെ വിവിധ ഭാഗങ്ങളും തകർന്നു. സന്തോഷ് തിയറ്റർ ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം റോഡിലേക്കുള്ള ബൈപാസ് റോഡിലും കുഴി രൂപപ്പെട്ടിട്ടുണ്ട്.