കോട്ടയം : കൊവിഡ് വ്യാപനത്തെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ജില്ലയിൽ ലോക് ഡൗണിന് സമാനമായി. അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. നിർദേശം അനുസരിക്കാതെ റോഡിലിറങ്ങിയവരെ പൊലീസ് ബോധവത്കരണം നടത്തി തിരിച്ചയച്ചു. രാവിലെ അല്പം തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ കോട്ടയം നഗരം നിശ്ചലമായി.
ഇന്നും കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വിവിധ മേഖലകളിൽ പൊലീസ് പിക്കറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകളിലൂടെ വരുന്ന വാഹനങ്ങളെല്ലാം പരിശോധിച്ച് തിരിച്ചറിൽ കാർഡും നോക്കിയ ശേഷമാണ് വാഹനങ്ങളെല്ലാം കടത്തി വിടുന്നത്. ചുരുക്കം സ്വകാര്യ ബസുകളാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സിയും കാര്യമായി സർവീസ് നടത്തിയില്ല. ദീർഘദൂര ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. വാക്സിൻ വിതരണവും പ്ലസ് ടു പരീക്ഷയും തടസമില്ലാതെ നടന്നു. പരമാവധി സ്ഥലങ്ങളിൽ രക്ഷിതാക്കൾ നേരിട്ട് കുട്ടികളെ സ്കൂളുകളിൽ എത്തിച്ചു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും തിരക്ക് കുറവായിരുന്നു.
ആൾക്കാർ കുറവായതിനാൽ അവശ്യസാധനങ്ങൾ കടകൾ പലതും നേരത്തെ അടച്ചു.
ഹോട്ടലുകളും അടഞ്ഞു കിടന്നു
ഗ്രാമപ്രദേശങ്ങളിൽ ഹോട്ടലുകൾ ഭൂരിഭാഗവും തുറന്നില്ല. നഗര പ്രദേശങ്ങളിൽ തുറന്ന ഹോട്ടലുകളിൽ പാഴ്സൽ സർവീസും കാര്യമായി നടന്നില്ല. ഓൺലൈൻ ഭക്ഷണ വിതരണം മുടക്കം കൂടാതെ നടന്നു. നഗരത്തിൽ രാവിലെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തി.
ഇന്നും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കും. പിഴ അടക്കം ഈടാക്കാനും കേസ് എടുക്കാനുമാണ് ആലോചന. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രണ്ടുടീമുകൾ വീതമാണ് പരിശോധന.
ഡി.ശില്പ, ജില്ലാ പൊലീസ് മേധാവി