rr

കോട്ടയം : ചിത്രം വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം എത്തിക്കുന്ന കോട്ടയം ക്രൈം ഡി.സി.ആർ.ബിയിലെ എസ്.എസ്.ഐ രാജേഷ് മണിമലയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജേഷിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാണ് രാജേഷിന്റെ പേര് എടുത്ത് പറഞ്ഞ് പ്രശംസിച്ചത്. മണിമല സ്വദേശിയായ രാജേഷ് വിവിധ ചലഞ്ചുകളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമെത്തിക്കുകയാണ്. പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കുറഞ്ഞത് അഞ്ഞൂറു രൂപ സംഭാവന ചെയ്യുന്നവരുടെ ചിത്രം വരച്ചു നൽകുമെന്ന രാജേഷിന്റെ ചലഞ്ച് നാട് ഏറ്റെടുത്തപ്പോൾ 1.48 ലക്ഷം രൂപയാണ് ലഭിച്ചത്. തുടർന്ന് കഴിഞ്ഞ കൊവിഡ് കാലത്തും സമാന ചലഞ്ച് നടത്തിയിരുന്നു. ഇക്കുറി വാക്സിനായി കുറഞ്ഞത് 800 രൂപ സംഭാവന ചെയ്യുന്നവരുടെ മുഖചിത്രം വരച്ചു നൽകുമെന്നാണ് വാഗ്ദാനം. ദിനം പ്രതി നിരവധിപ്പേരാണ് ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകിയ ശേഷം രാജേഷിന് രസീത് അയച്ചു നൽകുന്നത്.