കൊവിഡല്ല അതിലും വലുത് വന്നാലും നോ പ്രോബ്ലം എന്നു പറഞ്ഞിരുന്ന കോട്ടയംകാർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ഇടി കൂടുകയാണിപ്പോൾ. മരുന്നു ഇനി കിട്ടാതെ വന്നാൽ ജീവിതം കോഞ്ഞാട്ടയാകുമോ എന്ന ഭീതിയിലാണ് ടോക്കണിനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇടി കൂടുന്നത്.
ആരാടാന്നു ചോദിച്ചാൽ എന്നാടാന്ന് തിരിച്ചു ചോദിക്കുന്ന അച്ചായൻ സ്വഭാവം കാരണം മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കില്ല. സാമൂഹ്യ അകലം തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് പെരുമാറ്റം. നാല് പേരിൽ ഒരാൾക്കെന്ന കണക്കിൽ കൊവിഡ് വ്യാപന നിരക്ക് 25ലേക്ക് കടന്ന രണ്ടാം വ്യാപനം ശക്തമായതോടെ വിരണ്ടു. വീട്ടു മുറ്റത്ത് പ്രതിരോധ കുത്തിവെപ്പ് സെന്റർ തുറന്നിട്ടും തിരിഞ്ഞു നോക്കാതിരുന്നവർ എവിടെനിന്നെങ്കിലും കുത്തിവെപ്പെടുക്കാൻ പായുകയാണിപ്പോൾ . അങ്ങനെ ബേക്കർ എൽ.പി സ്കൂളിലെത്തി . ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന അറിയിപ്പുണ്ടായിട്ടും ക്യൂ സിസ്റ്റമാണെങ്കിലും ഇടിച്ചു കയറുന്ന സ്വഭാവം പണ്ടേ ഉള്ളതിനാൽ തീയറ്ററിൽ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്നതുപോലെ പൊലീസുകാരെ നോക്കുകുത്തികളാക്കി ക്യൂവിനിടയിൽ കൂട്ടം കൂടി നിന്ന് ഉന്തും തള്ളും നടത്തി ടോക്കൺ കരസ്ഥമാക്കി കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്വഭാവം പ്രദർശിപ്പിച്ചു കുത്തിവെപ്പ് എടുത്താണ് മടങ്ങിയത്.
രാത്രി ഏഴരയ്ക്കു ശേഷം കടകളും ബാറും ബിവറേജും അടയ്ക്കണം, ബസിൽ നിന്നു പോകരുത് തുടങ്ങിയ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയവരെ ചീത്തവിളിക്കുകയാണ് പലരും. ഏഴര കഴിഞ്ഞാലേ കൊവിഡ് പുറത്തിറങ്ങൂ എന്നു പരിഹസിക്കുന്നവർ ബസിൽ സീറ്റിൽ ഇരിക്കുന്നവരെ പോസിറ്റീവാക്കാതെ നിൽക്കുന്നവരെ കൊവിഡ് എങ്ങനെ പിടിക്കുമെന്ന തർക്കുത്തരവും ഉന്നയിക്കുന്നു. കളക്ടറും എസ്.പിയും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിൽ രാത്രി പരിശോധനക്കിറങ്ങിയിരുന്നു . ആരെയും കണ്ടു കിട്ടിയില്ല. പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ നിയന്ത്രണം വിട്ട് കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുന്നത് നിയന്ത്രിക്കാൻ പകൽ ഇവരെയൊന്നും കണ്ടില്ലല്ലോ എന്നായിരുന്നു പലരുടെയും മുന വെച്ചുള്ള ചോദ്യം.
നിയന്ത്രണം കടുപ്പിച്ചതോടെ ഹോട്ടൽ, തട്ടുകട നടത്തിപ്പുകാരുടെ കാര്യമാണ് കഷ്ടത്തിലായത്. തട്ടുകട വൈകിട്ട് ആറിന് തുറക്കാനേ അനുവാദമുള്ളു . ഏഴരക്ക് അടയ്ക്കണം . ഏഴിനേ അനൗൺസ്മെന്റുമായി പൊലീസ് ഇറങ്ങും. ഒരു മണിക്കൂർ കൊണ്ട് എന്നാ വിൽക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പത്തുകിലോ മാവ് കുഴച്ചുവെച്ച് പൊറോട്ട അടിക്കുന്നതിന് മുമ്പ് തട്ടുകട അടയ്ക്കാൻ വന്നവന്റെ തന്തക്കു വിളിക്കാനാണ് തോന്നിയതെന്നാണ് കാശു പോയ ഒരു തട്ടുകടക്കാരന്റെ പരിദേവനം. ഹോട്ടലുകാർക്കും പറയാൻ ഇതേ കദന കഥ തന്നെ . തങ്ങൾ കൊവിഡ് പരത്തിയിട്ടില്ല . എന്നിട്ടും കച്ചവടം നടത്താൻ സമ്മതിക്കുന്നില്ല. ജീവിക്കാനായി എങ്ങനെയെങ്കിലും ഹോട്ടലോ തട്ടുകടയോ നടത്തുന്നതിന് രാത്രി ഒമ്പതു വരെ കട തുറന്നുവെച്ചാൽ കൊവിഡ് കൂടുമോ എന്ന ചോദ്യം "പള്ളിക്കെന്തിനാ പൊൻകുരിശെന്ന്" വൈക്കം മുഹമ്മദ് ബഷീറിന്റെ മോഷ്ടാവ് കഥാപാത്രമായ പൊൻകുരിശ് തോമാ ചോദിച്ചതുപോലെ ഒരൊന്നന്നര ചോദ്യമാണ് . ബന്ധപ്പെട്ടവരാണ് ഇതിന് മറുപടി പറയേണ്ടത്!...