പാലാ : ജനറൽ ആശുപത്രിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ അനിയന്ത്രിത തിരക്കും ബഹളവും. സ്രവ പരിശോധനയ്ക്ക് എത്തുന്നവർക്ക് സമയമനുസരിച്ച് മുൻഗണന ഏർപ്പെടുത്തിയെങ്കിലും ക്രമം തെറ്റിച്ച് പരിചയക്കാരെ സ്രവമെടുത്തു വിടാൻ ചില ജീവനക്കാർ ഒത്താശ ചെയ്യുന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്. ഇന്നലെ ജനറൽ ആശുപത്രിയിലെ സ്രവ പരിശോധനാ കേന്ദ്രത്തിൽ നിയന്ത്രണങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് കണ്ടത്. ചില ജീവനക്കാരുടെ കെടുകാര്യസ്ഥതയും ധാർഷ്ട്യവുമാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്ന് ആരോപണമുണ്ട്. ഇതോടെ പരിശോധനാകേന്ദ്രം തന്നെ കൊവിഡ് വ്യാപനത്തിന്റെ ഉറവിടമാകുന്ന അവസ്ഥയാണുള്ളത്.

ഇന്നലെ രാവിലെ ഒൻപതിന് സ്രവ പരിശോധനയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചെങ്കിലും രജിസ്‌ട്രേഷൻ നടത്തേണ്ട ജീവനക്കാർ മാറിനിൽക്കുകയായിരുന്നു എന്നാണ് പരാതി.
ഇതോടെ രജിസ്റ്റർ ചെയ്ത് സമയം ലഭിച്ച പലർക്കും കാത്തിരിക്കേണ്ടിവന്നു. പത്തരയോടെയാണ് സ്രവ പരിശോധന ആരംഭിച്ചത്.

താമസിച്ചു വന്ന് പേര് രജിസ്റ്റർ ചെയ്ത ചിലരെ മുൻഗണനാ ക്രമം തെറ്റിച്ച് വളരെ വേഗം സ്രവ പരിസാസ്സാരവൽക്കരിച്ചു. 'ഞങ്ങൾക്കിങ്ങനയേ പറ്റൂ, സൗകര്യമുള്ളവർ പരിശോധിച്ചാൽ മതി' എന്നായിരുന്നൂ ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരത്തോടെയുള്ള മറുപടി.

11.15 ഓടെ മുരിക്കുംപുഴയിൽ നിന്നെത്തിയ 91ാം രജിസ്റ്റർ നമ്പറുകാരന് 75ാം നമ്പരിന് മുമ്പേ പരിശോധന നടത്താൻ ജീവനക്കാർ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. ഇതിനും മുമ്പിലുള്ള രാമപുരത്ത് നിന്നെത്തിയ സ്ത്രീക്ക് ഉൾപ്പെടെ രണ്ടു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നിരുന്നു. ജീവനക്കാരുടെ നടപടി ചോദ്യംചെയ്തതോടെ ചെറിയതോതിൽ ബഹളമുണ്ടായി. ഇതിനിടെ വീൽചെയറിൽ എത്തി രണ്ട് മണിക്കൂറിലേറെ കാത്തുനിന്ന രോഗിയെ ബന്ധുക്കൾ മടക്കിക്കൊണ്ടുപോയി. പരിശോധനയ്‌ക്കെത്തിയ കാളിദാസ് എന്ന യുവാവ് രണ്ടു തവണ തലകറങ്ങി വീഴുന്ന ദുരവസ്ഥയുമുണ്ടായി. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചവർക്ക് ജീവനക്കാരുടെ ശകാരവും കേൾക്കേണ്ടി വന്നു.

പരാതി നൽകും.

ജനറൽ ആശുപത്രിയിലെ കൊവിഡ് പരിശോധനാ കേന്ദ്രം ജീവനക്കാരുടെ അലംഭാവത്തെപ്പറ്റി ജനറൽ ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ., ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു.

നടപടിയെടുക്കും

സ്രവ പരിശോധനാ കേന്ദ്രത്തിലുണ്ടായ ബഹളം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ആശുപത്രി ആർ.എം.ഒ ഡോ.സോളി സജീവ് പറഞ്ഞു. പ്രശ്‌നത്തിൽ ആരും പരാതി നൽകിയിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും.