അടിമാലി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റി, അടിമാലിയിൽ ഒറ്റ ദിവസം മാത്രം കൊവിഡ് സ്ഥിരീകരിച്ചത്109 പേർക്ക്.ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. 25 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ അടിമാലി പഞ്ചായത്തിൽ രോഗികളുടെ എണ്ണം 350 ലേറെയായി.ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ക്വാറന്റീനിലാണ് കഴിയുന്നത്. ഇവർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനും മറ്റ് പരിപാലനങ്ങൾക്കും ജീവനക്കാർ തികയാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ഇതോടൊപ്പം മെഗാ പ്രതിരോധ വാക്‌സിൻ വിതരണം, രോഗ നിർണയക്യാമ്പ് എന്നിവ മുടക്കം കൂടാതെ നടക്കുന്നതോടെ 20 ലേറെ ജീവനക്കാർ ഇതിനുവേണ്ടി മാറേണ്ടിവരുന്നുണ്ട്.മുൻപ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നിരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് എല്ലാ വാർഡിലും സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തിന് നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതിനുള്ള നടപടി നീളുന്നതാണ്പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അധികൃതരുടെ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടൽ വൈകിയാൽ രോഗ വ്യാപനം അനിയന്ത്രിതമാകും.ഇതിനിടെ അടിമാലിയിലെ കൊവിഡ് രോഗികളുടെ യഥാർഥ കണക്ക് മറച്ചു വക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.