144

കോട്ടയം : കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവായി. രോഗവ്യാപനം രൂക്ഷമായ നാലു പഞ്ചായത്തുകളിലും 35 തദ്ദേശസ്ഥാപന വാർഡുകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ചടങ്ങുകൾക്കും യോഗങ്ങൾക്കും പരമാവധി 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ 75 പേരെയും പുറത്ത് നടക്കുന്നവയിൽ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനി മുതൽ അനുമതിയുണ്ടാവില്ല. കുടുംബ ചടങ്ങുകൾ നടത്തുന്നതിന് രജിസ്റ്റർ ചെയ്യണം. പൊതു ചടങ്ങുകൾക്കും യോഗങ്ങൾക്കും തഹസിൽദാരുടെയോ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയോ മുൻകൂർ അനുമതി വാങ്ങണം. ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കാൻ പാടില്ല. സമ്മർ ക്യാമ്പുകൾ, ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനിംഗ് സെന്ററുകൾ എന്നിവയും പ്രവർത്തിക്കാൻ പാടില്ല. കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ പൂർണമായും, 23 തദ്ദേശസ്ഥാപനങ്ങളിലെ 35 വാർഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മേഖലകളിൽ നാലിൽ അധികം പേർ കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്. നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളുമുള്ള തദ്ദേശ സ്ഥാപന വാർഡുകൾ: അകലക്കുന്നം11, ചങ്ങനാശേരി10, ചെമ്പ്14, എലിക്കുളം10,11, എരുമേലി15,16, കടുത്തുരുത്തി6,12,14, കാണക്കാരി9, കറുകച്ചാൽ7, കിടങ്ങൂർ5, കോട്ടയം9,19, കുമരകം7, മണർകാട്16, മാഞ്ഞൂർ13,14, മുണ്ടക്കയം3,6,8, പള്ളിക്കത്തോട്4, രാമപുരം3, തിരുവാർപ്പ് 7,11,13, തൃക്കൊടിത്താനം4, ഉദയനാപുരം12,13, ഉഴവൂർ6, വാകത്താനം9, വാഴപ്പള്ളി2, വിജയപുരം3,17.