പാലാ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാരന്ത്യ ലോക്ഡൗണിന്റെ ആദ്യദിനം പൂർണ്ണവിജയം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ജനം വീട്ടിലിരുന്നതോടെ എങ്ങും പൊതുഅവധിയുടെ പ്രതീതിയായിരുന്നു.
കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നെങ്കിലും ചുരുക്കം ചില പച്ചക്കറി കടകളും പലചരക്ക് കടകളും പ്രവർത്തിച്ചു. എന്നാൽ ജനം പുറത്തിറങ്ങാതിരുന്നതോടെ പല കടകളും ഉച്ചയ്ക്ക് ശേഷം അടയ്ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ടാക്‌സി വാഹനങ്ങളും, ഓട്ടോറിക്ഷകളും പരിമിതമായി മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് രാവിലെ 20 ഓളം സർവീസുകൾ നടത്തി. പാലാ കോട്ടയം, പാലാ തൊടുപുഴ, പാലാ ഈരാറ്റപേട്ട, പാലാ പൊൻകുന്നം, 2 മലബാർ സർവീസുകൾ എന്നിവയാണ് നടത്തിയത്. യാത്രക്കാർ കുറവായതിനാൽ ഉച്ചയോടെ സർവീസുകൾ നിർത്തിവെച്ചു. വൈകിട്ടും ഏതാനും അവശ്യസർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.
എങ്ങും പരിശോധന
കൊവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ പൊലീസ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കി. ഇന്നലെ പൊലീസ് അഞ്ച് ടീമുകളായി തിരിഞ്ഞാണ് വാഹനപരിശോധനയും നഗരത്തിൽ റൗണ്ടപ്പും നടത്തിയത്. എന്നാൽ അനാവശ്യമായി പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.