കോട്ടയം: പരിശോധനാ ഫലം വൈകുന്നത് ജില്ലയിൽ കൊവിഡ് പടർന്നു പിടിക്കുന്നതിനു കാരണമാകുന്നു. സർക്കാർ ആശുപത്രികളിലെയും ക്യാമ്പുകളിലെയും പരിശോധനാ ഫലം മൂന്നു ദിവസം വരെ വൈകുന്നുണ്ട്. നേരത്തെ ആന്റിജൻ പരിശോധനാ ഫലം മൂന്നു മണിക്കൂറിനുള്ളിലും ആർ.ടി.പി.സി.ആർ ഒരു ദിവസത്തിനുള്ളിലും ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ 48 മണിക്കൂറിലേറെ വേണ്ടി വരുന്നു. ഇത് രോഗവ്യാപനം അതിരൂക്ഷമാക്കുകയാണ്.
ചിലയിടങ്ങളില്‍ ആന്റിജന്‍ പരിശോധനാ ഫലം അറിയുന്നത് പിറ്റേന്നാണ്. ആര്‍.ടി.പി.സി.ആര്‍. ഫലം മൂന്നു ദിവസത്തിനു ശേഷവും. നെഗറ്റീവ് ആകുന്നവരെ സംബന്ധിച്ചു പരിശോധനാ ഫലം വൈകുന്നതു പ്രശ്‌നമല്ല. എന്നാല്‍, പോസീറ്റീവാണെങ്കില്‍ അതീവ ഗുരുതരമാണ്. പിറ്റേന്നും പരിശോധനാ ഫലം ലഭ്യമല്ലാതെ വരുമ്പോള്‍ പലരും രോഗമില്ലെന്ന ധാരണയില്‍ ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്നതാണ് രോഗ വ്യാപനത്തിന് കാരണമാകുന്നത്.
ഇത്തരത്തില്‍ വീടുകളില്‍ കഴിയുന്നവരും കുടുംബത്തിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കഴിഞ്ഞയാഴ്ച നടത്തിയ വ്യാപക പരിശോധനകള്‍ പരിശോധനാ ഫലം വൈകുന്നതിന് കാരണമായിട്ടുണ്ട്. ജീവനക്കാരുടെ കുറവ് ഫലം വൈകാനും ലഭിക്കുന്ന ഫലം കൃത്യമായി രോഗികളെ അറിയിക്കാനും തടസമാകുന്നു.