അടിമാലി:താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ തുടങ്ങാൻ താമസിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമെന്ന് ആക്ഷേപം. മൂന്നു മാസം മുൻപ് ആരംഭിക്കേണ്ട വാക്‌സിനേഷൻ കേന്ദ്രമാണ് അടിമാലിയിൽ മൂന്നുദിവസം മുൻപ് ആരംഭിച്ചത്.അടിമാലിയിൽ ഉള്ളവർ ആദ്യം അനുവദിച്ച ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ഒരു മാസത്തിനു ശേഷം ആരംഭിച്ച ദേവിയാർ കോളനി പ്രാഥമിക അരോഗ്യ കേന്ദ്രത്തിലും എത്തിയാണ് വാക്‌സിൻ എടുത്തിരുന്നത്. യാത്രാ ബുദ്ധിമുട്ടും കാത്ത്‌നില്പും കാരണം വാക്‌സിൻ എടുക്കേണ്ട ബഹു ഭൂരിപക്ഷം പേരും ഒഴിവായി നിന്നു.ആയിരക്കണക്കിന് ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ പറ്റാതെ വന്നതാണ് അടിമാലി പഞ്ചായത്തിൽ വ്യാപകമായി കൊവിഡ് പടർന്ന് പിടിക്കാൻ കാരണമായതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ മുഴുവൻ താലൂക്ക് ആശുപത്രിയിലും വാക്‌സിനേഷൻ സെന്റർ ആരംഭിക്കണമെന്ന് ഉത്തരവ് അടിമാലി ആശുപത്രി അധികൃതർ പാലിക്കാതെയിരുന്നത്. 23 ഡോക്ടർമാരും ആവശ്യത്തിന് ജീവനക്കാരും കെട്ടിട സൗകര്യം ഉണ്ടായിട്ടും ഇവിടെ സെന്റർ തുടങ്ങണമെന്ന ബ്ലോക്ക് പഞ്ചായത്ത് തീരുമാനവും ആശുപത്രി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.തുടക്കത്തിൽ വാക്‌സിനേഷൻ ആരംഭിക്കാൻ കഴിഞ്ഞിരുന്നെങ്കൽ ചുരുങ്ങിയത് 6000 പേർക്ക് വാക്‌സിനേഷൻ നൽകുവാൻ കഴിയുമായിരുന്നു. ഇങ്ങനെയെങ്കിൽ ഇപ്പോഴത്തെ തിരക്കുകൾ ഒഴിവാക്കുവാൻ ആകുമായിരുന്നു.
ഒന്നാംഘട്ട കൊവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യുവാക്കൾ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാരഥ്യത്തിലേക്ക് വന്നിട്ടും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുകൂലമായി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന ആക്ഷേപം പരക്കെയുണ്ട്. ഇപ്പോൾ വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ വാക്‌സിൻ ക്ഷാമത്തേ തുടർന്ന് എല്ലാവർക്കും നൽകാൻ കഴിയുന്നില്ല. ദിനംപ്രതി 400 പേർക്ക് കൊടുക്കാനുള്ള വാക്‌സിൻ മാത്രമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. താലൂക്ക് ആശുപത്രി അധികൃതരുടെ നിസംഗതയ്ക്ക് എതിരെ പ്രധിഷേധം വ്യാപകമാണ്.