road

മുണ്ടക്കയം: പ്രകൃതിക്ഷോഭത്തിൽ തകർന്ന 12 ഏക്കർ റോഡിന്റെയും മണിമലയാറിന്റെ സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം പുരോഗമിക്കുന്നു.

മുണ്ടക്കയം ടൗണിൽ നിന്നും കലാദേവി ചെളിക്കുഴി റോഡിന്റെ ഭാഗമാണ് 12 ഏക്കർ മേഖല..പ്രകൃതിക്ഷോഭത്തെ തുടർന്ന് 2017 മെയ് 29 നാണ് റോഡിന്റെ ഭിത്തി തകർന്നത്. മണിമലയാറിനു സമീപമുള്ള തീര പ്രദേശമായ ഇവിടെ വൻമരം കടപുഴകി വീഴുകയും റോഡിന്റെ പാതി ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. മരം വീണ് സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. മുണ്ടക്കയം കല്ലേപാലത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന റോഡിന്റെ അവസാന ഭാഗമാണ് തകർന്നത്. തകർന്ന ഭാഗത്ത് റോഡിന് രണ്ട് മീറ്റർ വീതി മാത്രമാണ് ഉണ്ടായിരുന്നത്. റോഡിൽ വീണ്ടും വിള്ളലുകളും രൂപപ്പെട്ടിരുന്നു. അറുപതിലധികം കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.

അനുവദിച്ചത് 30 ലക്ഷം

ജനപ്രതിനിധികളുടെ ഇടപെടൽ മൂലം ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ആറിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതോടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന നാട്ടുകാരുടെ ഭീതിയാണ് ഒഴിവാകുന്നത്. ഒപ്പം നാളുകളായി കാത്തിരുന്ന അവരുടെ റോഡും സാധ്യമാക്കുകയാണ്.