കട്ടപ്പന: കൊവിഡിന്റെ മറവിൽ വൻകിട കച്ചവടക്കാർക്ക് വേണ്ടി പുറ്റടി സ്‌പൈസസ് പാർക്കിലെ ഏലയ്ക്ക ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റാൻ നീക്കമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്. വില കുത്തനെ ഇടിതോടെ ഉത്പ്പാദനച്ചെലവ് പോലും കർഷകർക്ക് ലഭിക്കുന്നില്ല. സ്‌പൈസസ് ബോർഡ് അനാസ്ഥ കാട്ടുകയാണ്. ഏതാനും വർഷങ്ങൾക്കിടെ കർഷകരെ സഹായിക്കുന്ന പദ്ധതികളൊന്നും ബോർഡിനില്ല. വിലയിടിവ് തുടരുന്നതിനിടെയാണ് ബോർഡ് വൈസ് ചെയർമാൻ ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. വില ഇടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. വൻകിടക്കാരെ സഹായിക്കാൻ കർഷകരെ വഞ്ചിച്ച നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ കർഷകരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് പരാതി നൽകുമെന്നും ആന്റണി കുഴിക്കാട്ട് പറഞ്ഞു.