കുമരകം: ഒരു മാസത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ അയ്മനം പഞ്ചായത്തിലെ മേനോൻ കരി, തട്ടൂർ കണ്ടം പാടശേഖരങ്ങളിലെ നെല്ലുസംഭരണം തുടങ്ങി. കർഷകർ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമന്റെ സഹായം തേടിയതിനെ തുടർന്നാണ് നെല്ലു സംഭരണത്തിന് വഴിതുറന്നത് .പാടശേഖര സെക്രട്ടറി ഗോപി മണലി പത്തിൽ ,കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം അശോകൻ കരീമഠം ,അഡ്വക്കേറ്റ് ബിനു ബോസ്, സി.എം അനി എന്നിവർ മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് റാണി റൈസ് നെല്ലുസംഭരണം ഏറ്റെടുത്തത്. നെല്ലിൻ്റെ ഗുണനിലവാരം മോശമാണെന്ന കാരണം പറഞ്ഞ് എത്ര കിലോ കിഴിവ് വേണമെന്ന് പോലും പറയാതെയാണ് സംഭരണത്തിന് ഏർപ്പാടാക്കിയ മില്ലുകാർ ആദ്യം പിൻമാറിയത്. പാഡി മാർക്കറ്റിംഗ് ഓഫീസറുടെ ഇടപെടലുകളും വിഫലമായതോടെയാണ് കർഷകർ മന്ത്രിയെ സമീപിച്ചത്. ക്വിൻ്റലിന് അറ് കിലോ നെല്ല് താരയായി (കിഴിവ്) നൽകിയാണ് സംഭരണം നടത്തുന്നത്.