കോട്ടയം: കോടിമതയിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് നിയന്ത്രണങ്ങൾ നടപ്പിലാക്കും. ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങൾക്കൊപ്പം ഒരാൾക്ക് മാത്രമേ ആശുപത്രിയിലേക്ക് പ്രവേശനം അനുവദിക്കൂ. ഔദ്യോഗിക വാഹനങ്ങൾ അല്ലാത്തവയ്ക്ക് ഹോസ്പിറ്റൽ കോമ്പൗണ്ടിനകത്ത് പാർക്കിംഗ് അനുവദിക്കില്ല. ഒരു മാസത്തേക്ക് നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. അടിയന്തിര ചികിത്സകൾക്കും സർജറികൾക്കും ഉള്ള സൗകര്യം രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും അടിയന്തിര ചികിത്സാ സൗകര്യം രാത്രി 8 മുതൽ രാവിലെ 8 വരെയും തുടരും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികളുണ്ട്. അതിനാൽ സ്വന്തം പഞ്ചായത്തുകളിലെ വെറ്ററിനറി ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും, അവിടെ നിന്നും വിദഗ്ധചികിത്സയ്ക്കായി നിർദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ് കോടിമതയിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തെ സമീപിക്കേണ്ടതെന്നും കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഷാജി പണിക്കശ്ശേരി അറിയിച്ചു.