കട്ടപ്പന: ഉപ്പുതറയിൽ നടത്തിയ കൂട്ടപ്പരിശോധനയിൽ ആരോഗ്യ വകുപ്പിന് വീഴ്ച. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാണെന്ന് പറഞ്ഞ് തിരിച്ചുവിട്ട ബേക്കറി തൊഴിലാളിക്ക് ആറ് മണിക്കൂറിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകർ. പരിശോധനയ്ക്ക് ശേഷം ബേക്കറിയിലേക്ക് മടങ്ങിയ രോഗി മണിക്കൂറുകളോളം ബേക്കറിയിൽ ചെലവഴിച്ചതോടെ നിരവധി ആളുകളുമായി സമ്പർക്കമുണ്ടായി.
ശനിയാഴ്ച രാവിലെ ഉപ്പുതറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് വ്യാപാരികൾ, ഓട്ടോടാക്‌സിചുമട്ടുതൊഴിലാളികൾ എന്നിവർക്കായി പരിശോധന ക്യാമ്പ് നടത്തിയത്. ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനും പരിശോധനയിൽ പങ്കെടുത്തിരുന്നു. ടെസ്റ്റ് നടത്തി ഒന്നര മണിക്കൂറിന് ശേഷം ഫലം നെഗറ്റീവാണെന്ന് അറിയിച്ചതോടെ ഇദ്ദേഹം ബേക്കറിയിലേക്ക് പോയി. എന്നാൽ ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് പൊലീസ് വിളിക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടർന്ന് ഹോം ഐസൊലേഷനിലേക്ക് മാറുകയായിരുന്നു.
വിവരങ്ങൾ നൽകിയപ്പോൾ ബേക്കറിയുടെ പേര് മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം മറ്റ് വിവരങ്ങൾക്കൊപ്പം ആധാർ, ഫോൺ നമ്പരുകൾ അധികൃതർ ശേഖരിച്ചിരുന്നു. ഒടുവിൽ പൊലീസ് ഫോണിൽ വിളിച്ചാണ് ആളെ കണ്ടെത്തിയത്. പരിശോധന കഴിഞ്ഞ് പോസിറ്റീവായവരുടെ വിവരങ്ങൾ പൊലീസിന് കൈമാറാനും വൈകി. സാധാരണയായി പോസിറ്റീവാകുന്നവരുടെ വിവരങ്ങൾ ഉടൻ പൊലീസിന് നൽകി ഇവരെ ഹോം ഐസൊലേഷനിലേക്കോ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്കോ മാറ്റുകയാണ് പതിവ്. ഇക്കാര്യത്തിലും ആരോഗ്യ പ്രവർത്തകർ വീഴ്ച വരുത്തി.