പാലാ: നഗരസഭാധിപൻ ആര്.....? ചോദ്യം പാലാ നഗരസഭയിലാണെങ്കിൽ ഒരു ഉന്നത ഉദ്യോഗസ്ഥയ്ക്ക് കൃത്യമായ മറുപടിയുണ്ട് ; സെക്രട്ടറി!. ഇക്കാര്യം നഗരസഭയിലെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പലതവണ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള കൗൺസിലർമാരുടെ മുഖത്തു നോക്കി ആവർത്തിക്കുകയും ചെയ്തു ഈ ഉദ്യോഗസ്ഥ .
പാലാ നഗരസഭാ ഓഫീസിൽ കൗൺസിലർമാർക്ക് പുല്ലുവില മാത്രം. ഭരണവും നടത്തിപ്പും മുഴുവൻ കൈയാളിയിരിക്കുകയാണ് ഒരു വിഭാഗം ഉദ്യാഗസ്ഥർ. കൗൺസിലർമാരെ അകറ്റി നിർത്തുന്ന ചില ഉദ്യോഗസ്ഥർ പല അവസരങ്ങളിലും അവരെ അപമാനിക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.നഗരസഭാ ചെയർമാന്റെ ശാന്തസ്വഭാവം മുതലെടുത്താണ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞ ദിവസം നഗരസഭയിലെ ഒരു ജീവനക്കാരിക്ക് നേരെ കൈയേറ്റമുണ്ടായതുമായി ബന്ധപ്പെട്ട് അടിയന്തരമായി കൂടിയ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയോഗത്തിൽ കമ്മിറ്റി ചെയർപേഴ്‌സൺ നീന ചെറുവളളി പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരായില്ല. നിരന്തരം നിർബന്ധിച്ചതിനെത്തുടർന്നാണ് പിന്നീട് ചിലർ
എത്തിയത്. 'തന്നെ അറിയിക്കാതെ തന്റെ കീഴിലെ ഒരു ജീവനക്കാരേയും യോഗത്തിന് പോവാൻ അനുവദിക്കില്ലെന്ന് ' എൻജിനീയറിംഗ് സെക്ഷനിലെ ഒരു ഉദ്യോഗസ്ഥ , പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണോട് തുറന്നടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വാർഡിലെ ഒരാവശ്യവുമായെത്തിയ ഒരു ഭരണപക്ഷ കൗൺസിലറോട് ഞാൻ പറയുന്നത് കേട്ടാൽ മതിയെന്നായിരുന്നു ഒരു ജീവനക്കാരന്റെ ധിക്കാരപരമായ മറുപടി. മറ്റൊരാവശ്യത്തിനെത്തിയ ഭരണപക്ഷത്തെ ഒരു വനിതാ കൗൺസിലറോട് 'പുറത്തേക്ക്
മാറിനിൽക്കാനാണ് ' ഒരു ഉദ്യോഗസ്ഥനാവശ്യപ്പെട്ടത്.
ഭരണ പക്ഷത്തെ രണ്ട് കൗൺസിലർമാർ തമ്മിലടിച്ചതിന്റെ പിന്നിലും ഉദ്യോഗസ്ഥരുടെ അഴകൊഴമ്പൻ സമീപനമുണ്ടായിരുന്നു. തമ്മിലടിച്ച കൗൺസിലർമാരിലൊരാൾ ഈ സംഭവത്തിന് വളരെ മുമ്പേ കൗൺസിൽ യോഗത്തിൽ ഒരു വിഷയത്തിൽ സെക്രട്ടറിയോട് കൃത്യമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറി എങ്ങും തൊടാത്ത ഉരുണ്ടുകളിച്ചു. ഇക്കാര്യത്തിൽ ചെയർമാൻ ചോദിച്ചിട്ടും കൃത്യമായ മറുപടി പറയാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് വിഷയം മൂർച്ഛിച്ചതും ഒടുവിലത് തമ്മിലടിയിൽ കലാശിച്ചതും. എന്നാൽ ഈ സംഭവത്തിലും ഉദ്യോഗസ്ഥർ വിദഗ്ധമായി തലയൂരി. കൗൺസിലർമാരെ നോക്കുകുത്തികളാക്കിയുള്ള ഉദ്യോഗസ്ഥരുടെ ഭരണത്തിന് ചില യൂണിയനുകളുടെ
പിന്തുണയുമുണ്ടെന്ന് പറയപ്പെടുന്നു. അടുത്തിടെ കൂത്താട്ടുകുളം നഗരസഭയിൽ കൗൺസിലർമാർക്കെതിരെ ഉദ്യാഗസ്ഥർ തിരിഞ്ഞിരുന്നു. ഇക്കാര്യം
ചൂണ്ടിക്കാട്ടി പാലായിലും വേണ്ടിവന്നാൽ ഇത് ആവർത്തിക്കുമെന്ന് ചില ജീവനക്കാർ ഭീഷണി മുഴക്കിയതായും പറയുന്നു. ഇത്തവണ കൗൺസിലിൽ ഏറെയും പുതുമുഖങ്ങളായതിനാൽ ഇവരെ ചൊൽപ്പടിക്ക് നിർത്താനാണ് ഒരുപറ്റം ജീവനക്കാർ ശ്രമിക്കുന്നത്.