
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനിമുതൽ അവരുടെ വീടുകളിലെ മാലിന്യം എളുപ്പത്തിൽ വളമാക്കി മാറ്റാം. സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ജോർജ് നിർമ്മിച്ച ലാർവ കമ്പോസ്റ്റ് ബിൻ ഇന്ന് പുറത്തിറങ്ങുകയാണ്. ടീച്ചർ പഠിപ്പിക്കുന്ന പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കമ്പോസ്റ്റ് ബിൻ സൗജന്യമായി നൽകും. കഴിഞ്ഞ ദിവസങ്ങളിൽ ലിൻസി ടീച്ചറും കുടുംബാംഗങ്ങളും ഇതിന്റെ പണിപ്പുരയിലായിരുന്നു. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ബിന്നിൽ നിക്ഷേപിക്കമ്പോൾ 'സോൾജിയർ ഫ്‌ളൈ' എന്ന പ്രാണികളുടെ സഹായത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊഴുത്ത ദ്രാവകമായി മാറും. ഇത് പത്തിരട്ടി വെള്ളം ചേർത്ത് കൃഷികളിലും പച്ചക്കറികളിലും പ്രയോഗിക്കാം. കൂടാതെ കമ്പോസ്റ്റ് ബിന്നിലുള്ള ടിന്നിൽ വീഴുന്ന ലാർവകളെ കോഴികൾക്കും മീനിനും തീറ്റയായി നൽകാനും കഴിയും.
നവമാദ്ധ്യമങ്ങളിൽ നിന്നാണ് ടീച്ചർക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഭർത്താവ് സെബാസ്റ്റ്യൻ, മക്കളായ ജോയൽ, ടോം, സുഹൃത്ത് ബിനു സി.ജോസ് എന്നിവരുടെ സഹകരണത്തോടെ ബിന്നുകൾ നിർമിക്കുകയായിരുന്നു. ഒരെണ്ണം നിർമിക്കാൻ 550 രൂപയലധികം ചെലവാകും. സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് ടീച്ചർക്ക് ലഭിച്ച പുരസ്‌കാരത്തുകയാണ് ഇതിനായി ചെലവഴിക്കുന്നത്. ആദ്യഘട്ടത്തിൽ 50ൽപ്പരം വിദ്യാർത്ഥികൾക്ക് സൗജന്യമായി ബിന്നുകൾ നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വിതരണോദ്ഘാടനം നിർവഹിക്കും.
.