vaka

ചങ്ങനാശേരി: കൊവിഡ് ഭീതിയിലും വീഥികളിൽ കണ്ണിനു കുളിർമയേകി വാകമരങ്ങളും ബൊഗെയ്ൻ വില്ലകളും പൂത്തുലഞ്ഞു. പാതയോരങ്ങളുടെ ഇരുവശങ്ങളിലായി തണൽ മരങ്ങളായി നിൽക്കുന്ന വാകമരങ്ങളാണ് പൂത്തുലഞ്ഞത്. മഞ്ഞ നിറമുള്ള പൂക്കൾ ഇലകളെ മറച്ച് എൽ.ഇ.ഡി ലൈറ്റുകൾ മിന്നിതിളങ്ങി നിൽക്കുന്നതുപോലെ നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച യാത്രക്കാരെ ആകർഷിക്കുകയാണ്. രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനാൽ, വാഹനങ്ങളുടെ സഞ്ചാരം കുറവായതും പുലർച്ചെ നിലത്തുവീഴുന്ന പൂക്കൾ വീഥികൾ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമാക്കും. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ വില്ലനാകുന്നുണ്ട്. പൂക്കൾ ഒഴുകിപ്പോകുന്നതിനും പൂത്തു നിറഞ്ഞ് നിൽക്കുന്ന പൂക്കൾ കൂടുതലായി കൊഴിഞ്ഞു പോകുന്നതിനും ഇടയാക്കുന്നു. ഒരാഴ്ച്ച മുൻപ് കൂടുതലായി കണിക്കൊന്ന മരങ്ങളായിരുന്നു പൂത്ത് നിറഞ്ഞു നിന്നിരുന്നത്. മണർകാട് പെരുംന്തുരുത്തി ബൈപ്പാസ് റോഡിൽ തലപ്പാടി, തെങ്ങണ, ഞാലിയാകുഴി, വാകത്താനം, കുരിശുംമൂട്, റെയിൽവേ തുടങ്ങിയ സ്ഥലങ്ങളിലെ റോഡരികുകളിലാണ് കൂടുതലായി മഞ്ഞ നിറത്തിലുള്ള പൂക്കളുമായി വാക പൂത്ത് നിൽക്കുന്നത്. റോഡിനോട് ചേർന്നുള്ള വീടുകളിൽ വ്യത്യസ്ത നിറത്തിലുള്ള ബൊഗെയ്ൻ വില്ലകൾ നിറഞ്ഞു നിൽക്കുന്നതും കൗതുകമുണർത്തുന്നുണ്ട്. മജന്ത നിറത്തിലുള്ള ബൊഗെയ്ൻ പൂക്കളാണ് കൂടുതലായി തട്ടുകടകൾക്കും വീടുകളുടെ മുകളിലും മതിലുകളിലുമായി തണൽ വിരിച്ച് പ്രകൃതിയുടേതായ രീതിയിൽ അലങ്കാരമേകി നിൽക്കുന്നത്.