labourer

ചങ്ങനാശേരി: കൊവിഡ് 19 വ്യാപനം മൂലം നിർമ്മാണ മേഖലയും സ്തംഭനത്തിലേയ്ക്ക്. നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റവും അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്കുമാണ് മുഖ്യമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് കൂടുതൽ പേരും മടങ്ങിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ഉള്ളത് ചങ്ങനാശേരിയിലെ പായിപ്പാട് ആണ്. ആറായിരത്തിനു മുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ശേഷിക്കുന്നത് 2000ത്തിനടുത്താണ്. ഇവർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെ പ്രത്യേകം കെട്ടിടത്തിലേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.


പ്രതിസന്ധികൾ

 കൊവിഡ് വ്യാപനം, കരാർ കുടിശിക, ന‌ടപടികളിലെ മാന്ദ്യം

 അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്ക്

 ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വിലക്കയറ്റവും ക്ഷാമവും

 പി.വി.സി പൈപ്പുകളുടെ വില 125 ശതമാനം വരെ വർദ്ധിച്ചു

 ഇലക്ട്രിക്കൽ പ്ലംബിംഗ് വസ്തുക്കൾക്കും ഭീമായ വർദ്ധന

 സ്റ്റീൽ, സിമന്റ് വിലയിൽ 30 ശതമാനം വരെ വർദ്ധന

 തദ്ദേശ തൊഴിലാളികളും പണിക്ക് വരാൻ മടിക്കുന്നു.

'സ്റ്റീൽ സിമന്റ് വിലകൾ നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്ത ഇടപെടൽ നടത്തണം. മേയ് പത്തു മുതൽ പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെയും ജല അതോറിറ്റിയിലെയും കരാറുകാർ പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്'.

- കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ