കാഞ്ഞിരപ്പള്ളി : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ താലൂക്കിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. നിലവിൽ 100 ബെഡുകളുള്ള മുണ്ടക്കയത്തെ കുടുംബാരോഗ്യകേന്ദ്രവും, എരുമേലി പഞ്ചായത്ത് ഏറ്റെടുത്ത 75 ബെഡുകളുള്ള പൂട്ടിക്കിടന്ന സ്വകാര്യ ആശുപത്രിയും, കാഞ്ഞിരപ്പള്ളി ടൗൺ ഹാളിലെ 50 ബെഡുകളുള്ള കേന്ദ്രവുമാണ് പ്രവർത്തിക്കുന്നത്.പുതിയതായി പാറത്തോട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിർമ്മല റിന്യൂവൽ 110 ബെഡുകളുള്ള ചികിത്സാ കേന്ദ്രവും സമീപത്തായി ബ്ലോക്ക് പഞ്ചായത്ത് വക 60 ബെഡുകളുള്ള ചികിത്സാ കേന്ദ്രവുമാണ് തുറക്കുന്നത്. പൈക കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 13 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ തുടങ്ങിയ വ്യാപനം സിവിൽ സ്റ്റേഷനും, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തും കടന്ന് മദ്യ വില്പനശാലയിലേക്കെത്തിയിരിക്കുകയാണ്. ഇതിനിടയിൽ ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം വൈകുന്നെന്ന പരാതിയും ഉയരുന്നുണ്ട്.