kidnapping

ചങ്ങനാശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച സ്‌കോർപയോ കാറും പിടിച്ചെടുത്തു.

തിരുവല്ല സ്വദേശിയായ വിഷ്ണു നമ്പൂതിരിയെ (32)യാണ് ഞായറാഴ്ച രാത്രി ഒൻപതിന് ക്ഷേത്രത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനും മർദ്ദനമേറ്റു. രവീന്ദ്രൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണു നമ്പൂതിരിയെ അവശനായ നിലയിൽ റോഡിൽ കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്വേഷണത്തിൽ പ്രതികളായ പെരുന്ന കൃഷ്ണപ്രിയയിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകലഭവനിൽ ഗോകുൽ (27), തൃക്കൊടിത്താനം പുലക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പ്രവീണിന്റെ ഭാര്യയുമായി പൂജാരിക്കുള്ള സൗഹൃദത്തിൽ രോഷാകുലരായാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ലോക്ഡൗണും ഞായറാഴ്ചയുമായതിനാൽ റോഡിൽ ആരും കാണില്ലെന്നു കരുതിയാണ് ഇന്നലെ തന്നെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്‌.ഐമാരായ പ്രദീപ്, മോഹനൻ, എ.എസ്‌.ഐ രഞ്ജീവ്, എസ്‌.ഐ ട്രെയിനി ജയകൃഷ്ണൻനായർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.