വൈക്കം: ടി.വി പുരം പഞ്ചായത്തിൽ കൊവിഡ് വ്യാപനമേറുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധം ശക്തമാക്കുന്നതിനായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രോഗബാധിതരെ പരിചരിക്കുന്നതിനായി ഡൊമിസിലിയറി കെയർ സെന്റർ സജ്ജമാകുന്നു. ടി വി പുരം മൂത്തേടത്തുകാവ് അമലാ സ്‌കുളിനു സമീപം ഓൾഡ് ഏജ് ഹോമിനായി തീർത്ത കെട്ടിടമാണ് ഡൊമിസിലിയറി സെന്ററാക്കി മാറ്റുന്നത്. ആദ്യ ഘട്ടത്തിൽ 25 പേരെ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണിവടെ ഒരുക്കുന്നത്. കെട്ടിടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ടി വി പുരം ഡിവൈഎഫ്‌ഐ സൗത്ത് മേഖല ലോക്കൽ സെക്രട്ടറി കെ.എം.കണ്ണൻ, പ്രസിഡന്റ് അനന്തകൃഷ്ണൻ, ഡിവൈഎഫ്‌ഐ നോർത്ത് മേഖല സെക്രട്ടറി സിബി ബാബു, പ്രസിഡന്റ് സരിൻ സജീവ് എന്നിവരുടെ നേതൃത്യത്തിൽ 15 ഓളം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി വരികയാണ്.നാളെ രാവിലെ ഡൊമിസിലിയറി സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി പറഞ്ഞു. രോഗബാധിതർക്ക് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള സഹായവുമായി വ്യവസായികൾ ഉൾപ്പെടെ രംഗത്തിറങ്ങി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് ഫാനുകൾ എത്തിച്ച് നൽകി.