പാലാ : കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായവരുടെ എണ്ണം കൂടിയത് വൻപ്രതിസന്ധി സൃഷ്ടിച്ചു. ഒരു ദിവസം 240 സിലിണ്ടർ ഓക്‌സിജനാണ് വേണ്ടത്. എന്നാൽ 62 സിലിണ്ടറുകൾ മാത്രമാണുള്ളത്. കൂടുതലായി സിലിണ്ടർ വാടകയ്ക്ക് എടുക്കാനാണ് ആലോചന. സിലിണ്ടർ നിറയ്ക്കുന്നതിന് തൃശൂർ വരെ പോകേണ്ടി വരുന്നതാണ് കാലതാമസം നേരിടുന്നതിന് കാരണം. ഇന്നലെ രാവിലെ ആശുപത്രിയിൽ ഓക്‌സിജൻ തീർന്നത് അധികൃതരെ പ്രതിസന്ധിയിലാക്കി. തോമസ് ചാഴികാടൻ എം.പി, ജോസ്.കെ.മാണി, ആശുപത്രി വികസന സമിതി അംഗം ജയ്‌സൺ മാന്തോട്ടം എന്നിവർ ഉടൻ സ്വകാര്യ ആശുപത്രികളുടെ സഹായം തേടി. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ നിന്ന് നാല് സിലിണ്ടറും, പാലാ മരിയൻ മെഡിക്കൽ സെന്ററിൽ നിന്ന് 2ഉം, മാർ സ്ലീവാ ആശുപത്രിയിൽ നിന്ന് 5 സിലിണ്ടറും ഉടൻ ലഭ്യമാക്കി.
ഓക്‌സിജൻ സിലിണ്ടറുകൾ കോട്ടയം, എറണാകുളം ഭാഗത്തു നിന്ന് നിറച്ചു കിട്ടുന്നതിന് നടപടി ഉണ്ടായാൽ കാലതാമസം ഒഴിവാക്കാനാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എറണാകുളത്തു നിന്ന് 42 സിലിണ്ടർ
ഇന്നലെ വൈകുന്നേരം എറണാകുളത്തു നിന്ന് 42 സിലിണ്ടർ കൂടി ലഭിക്കുമെങ്കിലും പ്രതിസന്ധി ഒഴിവാകുന്നില്ല. സ്വകാര്യ ആശുപത്രികളിൽ നിന്നും വാങ്ങിയ സിലിണ്ടറുകൾ തിരികെ നൽകേണ്ടതുമുണ്ട്. കൂടുതൽ സിലിണ്ടർ വാടകയ്ക്ക് ലഭ്യമാകുമോ എന്ന് അന്വേഷിച്ചുവരികയാണെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. ഓക്‌സിജൻ ലഭ്യതയ്ക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനായി ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റിനായുള്ള ശുപാർശ ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതർ കൈമാറിയിട്ടുണ്ട്:
സിലിണ്ടർ ലഭ്യത ഉറപ്പു വരുത്തുവാൻ ആരോഗ്യ വകുപ്പ് അധികൃതരോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജോസ് കെ.മാണി