പാലാ : ജനറൽ ആശുപത്രിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ തിരക്കൊഴിവാക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തിക്കും തിരക്കും ഒഴിവാക്കുന്നതിനും മുൻഗണനാ ക്രമം പാലിക്കുന്നതിനുമാണ് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയത്. നിലവിൽ കൊവിഡ് പരിശോധിക്കുന്ന കേന്ദ്രത്തിന് തൊട്ടു താഴെ വാഹന പാർക്കിംഗിന്റെ ഭാഗത്തായി പുതിയ കെട്ടിടത്തിന്റെ മുറ്റത്താണ് ടോക്കൺ വിതരണം ചെയ്യുന്നത്. ആളുകൾക്ക് അകലം പാലിച്ച് നിൽക്കാനുള്ള വിശാലമായ സൗകര്യവുമുണ്ട്. ജനറൽ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ പാലാ നഗരസഭാദ്ധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കരയുടെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് നടപടി. അനിയന്ത്രിതമായ തിരക്കും മുൻഗണനാക്രമം തെറ്റിച്ചുള്ള നടപടികളും പ്രതിഷേധത്തിനും രോഗവ്യാപന സാഹചര്യത്തിനും ഇടയാക്കിയിരുന്നു. ഇക്കാര്യം നഗരസഭാ ചെയർമാൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്റെ ശ്രദ്ധയിൽപ്പെടുത്തി. ആർ.എം.ഒ ഡോ.സോളി സജീവ്, ഡോ.വി.ആർ.രാജേഷ് കുറവിലങ്ങാട്, ഡോ.ശബരീനാഥ്, ഹെൽത്ത് ഇൻസ്‌പെക്ടർ അശോക് എന്നിവരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇന്നലെ പരിശോധനാ നടപടികളും വാക്‌സിനേഷനും നടന്നത്. ടോക്കൺ കേന്ദ്രത്തിന് സമീപം ഹെൽപ്പ് ഡെസ്‌ക്കും തുറന്നു.