കട്ടപ്പന: ചെളിക്കുണ്ടായി മാറിയ ബഥേൽദൈവംമേട് -നാലുതൂൺ റോഡിൽ നടുവൊടിഞ്ഞ് യാത്രക്കാർ. നാല് വർഷം മുമ്പ് റോഡ് നിർമാണത്തിന് കരാർ നൽകിയെങ്കിലുംനാളിതുവരെയായിട്ടും ഒരുമീറ്റർ പോലും ടാർ ചെയ്തിട്ടില്ല. കഴിഞ്ഞദിവസത്തെ മഴയിൽ റോഡിലെ ചെളിയും കല്ലുകളും ഒലിച്ചെത്തി മേലേചിന്നാർപെരിഞ്ചാംകുട്ടി റോഡിൽ വാഹനഗതാഗതം ഏറെ ദുരിതത്തിലാക്കി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിന്ന് 2017ലാണ് റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. ഒരുവർഷത്തിനുള്ളിൽ മൺപണികൾ പൂർത്തീകരിച്ചെങ്കിലും ടാർ ചെയ്യാതെ കരാറുകാരൻ മുങ്ങുകയായിരുന്നു.
ഓരോ മഴക്കാലത്തും റോഡിൽ അടിഞ്ഞുകൂടുന്ന ചെളിയും കല്ലും നീക്കുന്ന ജോലികളാണ് തുടർന്നുള്ള വർഷങ്ങളിൽ നടന്നുവരുന്നത്. കലുങ്കോ ഓടകളോ നിർമിച്ചിട്ടില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ചെളിയും കല്ലും കുത്തിയൊലിച്ച് മേലേചിന്നാർ പെരിഞ്ചാംകുട്ടി റോഡിൽ ഗതാഗതം തടസപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ബഥേൽ ടൗണിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ മണ്ണും ചെളിയും കെട്ടിക്കിടക്കുകയാണ്. ഇരുചക്ര വാഹനയാത്രികർ അടക്കം ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ ചെളിയിൽ അകപ്പെട്ടിരുന്നു.
പല കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ നിർമ്മാണം വൈകിപ്പിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മഴവെള്ളം ഒഴുകിപ്പോകാൻ സമീപത്തെ വ്യക്തികളുടെ പുരയിടങ്ങളിലൂടെ ചാലുകൾ കീറി പഞ്ചായത്ത് അധികൃതരും തടിതപ്പുന്നു.