കുമരകം : കുമരകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും നിയന്ത്രണം ലംഘിച്ച് ജനം. ഇന്നലെ 75 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജനം കാര്യമാക്കുന്നില്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കൊവിഡ് പരിശോധനാകേന്ദ്രത്തിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കൈക്കുഞ്ഞുമായി പോലും പരിശോധനയ്ക്കെത്തിയവരുണ്ട്. പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. വിവാഹം അടക്കമുള്ള ചടങ്ങുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. ബാരിക്കേഡ് വച്ച് അടച്ച സ്ഥലങ്ങളിൽ പോലും ജനം പുറത്തിറങ്ങി സഞ്ചരിക്കുന്നതായി ആക്ഷേപമുണ്ട്. കൊവിഡ് ടെസ്റ്റ് കേന്ദ്രം സി.എച്ച്.സിയിൽ നിന്ന് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.