കട്ടപ്പന: കാൽനടയാത്രികനെ ഇടിച്ചശേഷം നിർത്താതെ പോയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ രാവിലെ 10ഓടെ കാഞ്ചിയാർ കക്കാട്ടുകടയിലാണ് അപകടം. രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്ക് കക്കാട്ടുകടയ്ക്ക് സമീപത്ത് വൃദ്ധനെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ബൈക്ക് വീണ്ടുമെടുത്ത് ഇവർ വേഗത്തിൽ ഓടിച്ചുപോയി. പരിക്കേറ്റ വൃദ്ധനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റി. ഇതിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കക്കാട്ടുകടയിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവർക്കും കാര്യമായി പരിക്കേറ്റിരുന്നില്ല. ഇതിനിടെ വൃദ്ധനെ ഇടിച്ചശേഷമാണ് യുവാക്കൾ വന്നതെന്ന് നാട്ടുകാർ അറിഞ്ഞു. തുടർന്ന് ഇരുവരെയും തടഞ്ഞുനിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
.