നെടുംകുന്നം : നെടുംകുന്നത്ത് ഇടിമിന്നലിൽ വൻനാശം. ഒരാൾക്ക് മിന്നലേറ്റു. വിവിധ വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാലാംവാർഡ് ആര്യാട്ടുകുഴി കാനക്കാലായിൽ കെ.പി മത്തായിക്കാണ് മിന്നലേറ്റത്. ഇവരുടെ വീട്ടിലെ ടി.വി, വാട്ടർഹീറ്റർ, ഫാനുകൾ, സർവീസ് വയർ എന്നിവ കത്തിനശിച്ചു. ഇടിമുഴക്കം കേട്ട് അടുക്കളയിലെ ഇൻഡക്ഷൻ കുക്കർ ഊരിമാറ്റുന്നതിനിടയിലാണ് ടോമിച്ചന് മിന്നലേറ്റത്. പുരയിടത്തിലെ വാഴക്കൃഷിയും നശിച്ചു. സമീപത്ത് താമസിക്കുന്ന ടോമിച്ചന്റെ സഹോദരൻ സിബിച്ചന്റെ വീട്ടിലെ ഇൻവെർട്ടറും ബാറ്ററിയും പൊട്ടിത്തെറിച്ചു. നെടുംകുന്നം-മാന്തുരുത്തി റോഡിലെ പനച്ചിക്കപ്പീടികയിലെ ട്രാൻസ്‌ഫോമർ പൂർണമായി കത്തിനശിച്ചതോടെ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി.